കോണ്‍ഗ്രസ്സിന്റെ ചരിത്രമെഴുതിയ ഖദര്‍ ധാരിയെ തല്ലിക്കൊന്ന ചരിത്രമുള്ളവരാണ് പാതിരായ്ക്ക് സിപിഐഎം ഓഫീസില്‍ കയറിയ ചൈത്രയ്ക്കുവേണ്ടി കണ്ണീരൊഴുക്കുന്നത്; എന്നാല്‍ അവര്‍ ഓര്‍ക്കാത്ത ഒരു ചരിത്രം കൂടിയുണ്ട് കോണ്‍ഗ്രസിന്

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡിസിപി ചൈത്ര തെരേസേ ജോണ്‍ റെയ്ഡ് നടത്തിയതിനെ അനുകൂലിച്ചും ചൈത്രയ്ക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുന്നവരും ഇന്ന് ഓര്‍ക്കാത്ത ഇരുപത്തേഴു വര്‍ഷം മുമ്പ് നടന്ന ഒരു കഥയുണ്ട്. കോണ്‍ഗ്രസ്സിന്റെ ചരിത്രമെഴുതിയ, ഖദര്‍ ധാരിയായ മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്ന ചരിത്രമുള്ളവര്‍ ആ കഥ ഒരിക്കലും ഓര്‍ത്തെടുക്കില്ല എന്നതാണ് വാസ്തവവും.

നേതാവിന്റെ വീടിനുമുന്നിലെ തട്ടുകടയില്‍ നിന്ന് പൊലീസുകാര്‍ ചായകുടിയ്ക്കുന്നത് കണ്ടതിന്റെ പേരില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ വീഴ്ത്തിയവരാണ് പാതിരായ്ക്ക് സിപിഐഎം ഓഫീസില്‍ കയറിയ ചൈത്ര തെരേസ ജോണിന് വേണ്ടി കണ്ണീരൊഴുക്കുന്നത് എന്നതാണ് ഏറ്റവും രസകരം.

ഇരുപത്തേഴു വര്‍ഷം മുമ്പ്, അന്ന് ഐക്യമുന്നണിയാണ് ഇന്ത്യ ഭരിക്കുന്നത്. പ്രധാന മന്ത്രി ചന്ദ്രശേഖര്‍. മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സ് പുറമെനിന്ന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ 1991 മാര്‍ച്ചില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ആ മന്ത്രിസഭയെ വീഴ്ത്തി. പിന്തുണ പിന്‍വലിക്കാന്‍ പറഞ്ഞ വിചിത്രമായ കാരണമാണ് പ്രധാനം.

രാജീവ് ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്താം നമ്പര്‍ ജനപഥിന് മുന്നില്‍ അവര്‍ ചായ കുടിക്കുന്നത് കണ്ടുവെന്നും ഇതിലൂടെ ഹരിയാന പൊലീസിലെ സിഐഡി വിഭാഗത്തിലെ രണ്ടു പോലീസുകാര്‍ രാജീവ് ഗാന്ധിയുടെ ചില രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് അതിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞ കാരണം.

ഒരുപക്ഷേ ഈ കഥയ്ക്ക് ഇത്രയും വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ പലരും ഇത് ഓര്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആരും മറന്നിട്ടില്ലാത്ത മറ്റൊരു സംഭവം ഓര്‍മിപ്പിക്കാം. പാര്‍ലമെന്റംഗം എം കെ രാഘവന്‍ എം.പി.യുമായി അന്നത്തെ കളക്ടര്‍ പ്രശാന്ത് ഏറ്റുമുട്ടിയിരുന്നു. കോണ്‍ഗ്രസ്സുകാരനായ ജനപ്രതിനിധിയെ പരസ്യമായി കളക്ടര്‍ ആക്ഷേപിച്ചു.

തുടര്‍ന്ന് കളക്ടറെ അന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിക്കുകയും ജനാധിപത്യ സംവിധാനത്തെ ഒരു ഉദ്യോഗസ്ഥ പ്രമാണിയും വെല്ലുവിളിക്കേണ്ടെന്ന് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ആരും മറക്കാന്‍ സാധ്യതയില്ല.

അതൊന്നും ഓര്‍ക്കാതെയാണ് ഇന്ന് ചൈത്രയ്ക്കുവേണ്ടി ഇന്ന് പലരും കണ്ണീരൊഴുക്കുന്നതും ചിത്രയുടെ കണ്ണീര്‍ തുടച്ചുകൊടുക്കുന്നതും. എന്നാല്‍ ഇവര്‍ ഒന്നുകൂടി ഓര്‍ക്കുക ആ സംഭവങ്ങളെല്ലാം തന്നെ ചരിത്രത്തില്‍ മായാത്ത ഏടുകളായി എന്നും നിലകൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here