ബംഗളുരു നഗരത്തിലെ ടാക്‌സി കാറുകളില്‍ നിന്ന് ചൈല്‍ഡ് ലോക്ക് സംവിധാനം മൂന്ന് മാസത്തിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ കരുതിയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ബംഗളുരു നഗരത്തിലെ രണ്ടര ലക്ഷത്തോളം ടാക്‌സികളില്‍ 42,000 ത്തോളം ടാക്‌സികളില്‍ നിന്ന് ചൈല്‍ഡ് ലോക്ക് നീക്കം ചെയ്തതായാണ് വിവരം.

ചൈല്‍ഡ് ലോക്ക് സിസ്റ്റം കുട്ടികളുടെ സുരക്ഷയെ കരുതിയാണ് കാറുകളിലെ ഡോറില്‍ ഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ലോക്ക് ചെയ്തിടുക വഴി അകത്ത് നിന്ന് ഡോര്‍ തുറക്കാന്‍ സാധിക്കാതെ വരും.

എന്നാല്‍ ഇത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനും മറ്റുമുള്ള സാധ്യത കൂട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടാക്‌സികളില്‍ ഡ്രൈവറാണ് ലോക്ക് നിയന്ത്രിക്കുക.

സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്ക് സംവിധാനം അതിക്രമങ്ങളുടെ സാധ്യത കൂട്ടാറുണ്ട്. ലോക്ക് നീക്കം ചെയ്യാത്ത ടാക്‌സികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.