കേബിള്‍ ടി വി രംഗത്ത് ട്രായ് നടപ്പാക്കാന്‍ പോകുന്ന പുതിയ താരിഫ് ഓര്‍ഡര്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍

ട്രായ്‌യുടെ പുതിയ തീരുമാനം കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലവിലെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. ഈ രംഗത്ത് ഉപജീവനം നടത്തുന്ന ലക്ഷങ്ങളെ ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്.

അടുത്ത മാസം ഒന്നു മുതല്‍ ട്രായ് നടപ്പാക്കുന്ന പുതിയ താരിഫാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെയും വരിക്കാരെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുകയെന്ന് ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

കാണുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കി കാഴ്ച്ചകള്‍ ആസ്വദിക്കുന്ന സുതാര്യ നിയമം കൊണ്ടു വരുന്നുവെന്നാണ് ട്രായുടെ അവകാശ വാദം. എന്നാല്‍ പുതിയ താരിഫ് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.150 സൗജന്യ ചാനലുകളും നൂറിലധികം പണം കൊടുക്കേണ്ട ചാനലുകളും 240 രൂപയ്ക്ക് കിട്ടിയിരുന്നത് പുതിയ സംവിധാനം വരുമ്പോള്‍ പണം നല്‍കിയുള്ള 20 ചാനലുകള്‍ ഉള്‍പ്പടെ 170 ചാനലുകള്‍ക്കു മാത്രം 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

വൈദ്യുതി പോസ്റ്റ് വാടക, ടെക്‌നീഷ്യന്‍മാരുടെ ശമ്പളം, നെറ്റ് വര്‍ക്ക് അറ്റകുറ്റപ്പണി, വൈദ്യുതി നിരക്ക് തുടങ്ങി കേബിള്‍ രംഗത്ത് ചെലവ് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ താരിഫ് ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ കീഴിലെ തൊഴിലാളികള്‍ക്കും വലിയ തോതില്‍ വരുമാന നഷ്ടമുണ്ടാക്കുമെന്ന് കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ പറഞ്ഞു.

പേ ചാനലുകളുടെ എം ആര്‍ പി നിരക്ക് കുറയ്ക്കുക, കേബിള്‍ ടിവിയുടെ അടിസ്ഥാന നിരക്ക് 150 ചാനലുകള്‍ക്ക് 200 രൂപയായി നിശ്ചയിക്കുക എന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 24 ന് 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഓപ്പറേറ്റര്‍മാരെയും വരിക്കാരെയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്ന ട്രായ് തീരുമാനം പുനപ്പരിശോധിക്കണമെന്ന ഉറച്ച നിലപാടില്‍ത്തന്നെയാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe