താന്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നയാളല്ല; സ്വപ്‌നങ്ങള്‍ സഫലീകരിക്കാത്ത നേതാവാണ് മോദിയെന്ന് പരോക്ഷമായി വിമര്‍ശിച്ച് ഗഡ്കരി

വലിയ സ്വപ്‌നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ സ്വപ്‌നം സഫലമായില്ലെങ്കില്‍ അവര്‍ തിരിച്ചടിക്കുമെന്നും മോഡിയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സ്വപ്‌നങ്ങള്‍ സഫലീകരിക്കാത്ത നേതാവായി ഗഡ്കരി ചിത്രീകരിച്ചത് മോഡിയെത്തന്നെയാണെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറഞ്ഞു.

ഗഡ്കരി കോണ്‍ഗ്രസിനെയും രാഹുലിനെയുമാണ് പരാമര്‍ശിച്ചതെന്ന് ബിജെപി വാദിച്ചെങ്കിലും ഗഡ്കരി പ്രതികരിച്ചിട്ടില്ല. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗഡ്കരി വിവാദ പരാമര്‍ശം നടത്തിയത്.

താന്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നയാളല്ലെന്നും പറഞ്ഞ വാക്കുകള്‍ 100 ശതമാനവും പാലിച്ചിട്ടുണ്ടെന്നും ഗഡ്കരി തുടര്‍ന്നു. മോഡിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ മുമ്പും ഗഡ്കരി നടത്തിയിട്ടുണ്ട്.

മോഡിയുടെയും അമിത് ഷായുടെയും അമിതാധികാര പ്രവണതകളെ ബിജെപിക്കുള്ളില്‍ എതിര്‍ക്കുന്ന നേതാവാണ് ഇദ്ദേഹം. നാഗ്പുരില്‍നിന്നുള്ള ഗഡ്കരി ആര്‍എസ്എസ് നേതൃത്വത്തിന് പ്രിയങ്കരനുമാണ്.

തോല്‍വിയുടെയും തിരിച്ചടികളുടെയുമൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍കൂടി നേതൃത്വം തയ്യാറാകണമെന്ന് രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഗഡ്കരി പറഞ്ഞിരുന്നു.

‘താന്‍ അധ്യക്ഷപദവിയില്‍ ഇരിക്കുമ്പോള്‍, തന്റെ എംപിമാരും എംഎല്‍എമാരും വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരാണ് ഉത്തരവാദി; താന്‍ തന്നെ’ എന്ന ഗഡ്കരി പ്രസ്താവനയും വിവാദമുയര്‍ത്തി. മുംബൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകൂടിയായതോടെ പോര് കൂടുതല്‍ പരസ്യമാവുകയാണ്.

ഗഡ്കരിയുടെ കടന്നാക്രമണം ആര്‍എസ്എസ് പിന്തുണയോടെയാണെന്ന വിലയിരുത്തലുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടില്ലെന്ന് തീര്‍ച്ചയായതോടെയാണ് ഗഡ്കരിയെ മുന്നില്‍നിര്‍ത്തിയുള്ള ആര്‍എസ്എസ് നീക്കം.

തെരഞ്ഞെടുപ്പിനുശേഷം ഗഡ്കരിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ ശിവസേന അടക്കമുള്ള കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. ബിജെപിക്കുള്ളില്‍ മോഡിയും ഷായും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് നീങ്ങുന്നതിലും ആര്‍എസ്എസിന് അതൃപ്തിയുണ്ട്.

ഗഡ്കരി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പെട്ടെന്ന് ഉയര്‍ന്നത് ആര്‍എസ്എസ് പിന്തുണയോടെയാണ്. മറാത്ത ബ്രാഹ്മണനെന്ന അനുകൂല ഘടകവും ആര്‍എസ്എസ് പിന്തുണയ്ക്കു കാരണമാണ്.

2010ല്‍ ബിജെപി അധ്യക്ഷനായ ഗഡ്കരിക്ക് ഒരു തവണകൂടി തുടരാന്‍ പാര്‍ടി ഭരണഘടനയില്‍ ആര്‍എസ്എസ് ഇടപെട്ട് ഭേദഗതി വരുത്തിയിരുന്നു. നിരവധി വ്യാജ കമ്പനികള്‍ ഗഡ്കരിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് 2013ല്‍ രാജിവയ്‌ക്കേണ്ടി വന്നു. വാര്‍ത്തകള്‍ക്കു പിന്നില്‍ മോഡിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here