ഉത്തരേന്ത്യന്‍ നേതാക്കളുടെ നിസ്സഹകരണം; പുതിയ സംഘടനാ ഉത്തരവാദിത്വം നിര്‍വഹിക്കാനാകാതെ കെ സി വേണുഗോപാല്‍

ഉത്തരേന്ത്യന്‍ നേതാക്കളുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് പുതിയ സംഘടനാ ഉത്തരവാദിത്വം നിര്‍വഹിക്കാനാകാതെ കെ സി വേണുഗോപാല്‍. ഡികെ ശിവകുമാര്‍ വഴി കോടികളിറക്കിയാണ് കെസി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയതെന്നാണ് ഉത്തരേന്ത്യന്‍ നേതാക്കളുടെ ആരോപണം.

നിസ്സഹകരണം മൂലം ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കെ സി വേണുഗോപാലിന് സാധിക്കുന്നില്ല. പുനഃസംഘടനയുടെ ഭാഗമായി ഹരിയാനയുടെ ചുമതല നല്‍കിയ ഗുലാം നബി ആസാദും അസംതൃപതനാണെന്നാണ് സൂചന. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലിന്റെ നിയമനം അപ്രതീക്ഷിതമായിരുന്നു.

സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് കെസി വേണുഗോപാലിനെ നിയമിച്ചതില്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ അമര്‍ഷത്തിലാണ്. ഇവരുടെ നിസ്സഹകരണം മൂലം ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘടനാചുമതലകള്‍ നിര്‍വഹിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വേണുഗോപാല്‍. സ്ഥാനമേറ്റെടുത്ത ദിവസം പോലും ഓഫീസിലേക്ക് എത്തിയത് നാമമാത്രമായ നേതാക്കള്‍ മാത്രം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വഴി കോടികള്‍ ഇറക്കി നേടിയ സ്ഥാനം,സോളാര്‍ കേസിലെ പ്രതിയുമായി ബന്ധം ഇതൊക്കെ വിമര്‍ശനമായി പാര്‍ട്ടി നേതാക്കള്‍ തന്നെ വേണുഗോപാലിനെതിരെ ഉന്നയിക്കുന്നു. ഹരിയാനയുടെ ചുമതല കൂടിയാലോചനകള്‍ ഇല്ലാതെ ഏല്‍പ്പിച്ച പാര്‍ട്ടി നിലപാടില്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും പ്രതിഷേധത്തിലാണ്.

5 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായി പാര്‍ട്ടി തന്നെ ഒഴിവാക്കിയെന്ന വിമര്‍ശനവും ഗുലാംനബിക്കുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമായതിനാല്‍ നടപടി ഭയന്ന് പരസ്യ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആരും തയ്യാറല്ല. അതിനാല്‍ സമാന രീതിയില്‍ വേണുഗോപാലോട് നിസ്സഹകരണം തുടരാനാണ് ഉത്തരേന്ത്യന്‍ നേതാക്കളുടെ ആലോചന.

ഇത് തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കുമെന്നുറപ്പാണ്. ഇത് കൂടാതെ വേണുഗോപാലിന് കേരളത്തിലെ മറ്റ് പ്രധാന നേതാക്കളെക്കാള്‍ വലിയ ചുമതല ലഭിച്ചതില്‍ സംസ്ഥാനത്തെ പല നേതാക്കളും അസംതൃപ്തരാണ്.അതിനാല്‍ സ്ഥാനമോഹികളായ ഗ്രൂപ്പ് നേതാക്കള്‍ ആലപ്പുഴയില്‍ കാലുവാരുമോ എന്ന ഭയവും വേണുഗോപാലിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News