ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി മഹാസഖ്യം

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി മഹാസഖ്യം. 15 മണ്ഡലങ്ങളില്‍ ഫെബ്രുവരി ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് മഹാസഖ്യം ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് തിരിച്ചുവരവ് ലക്ഷ്യമിടുന്ന മണ്ഡലങ്ങളാണ് ആദ്യഘട്ട പട്ടികയില്‍ പലതും. മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞുവെന്നതിന്റെ സൂചന കൂടിയാണ് എസ്പി ബിഎസ്പി നീക്കം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ബുന്ദേല്‍ഖണ്ഡ്, എന്നിവിടങ്ങളില്‍ ബിഎസ്പിക്കും മധ്യ, കിഴക്കന്‍ മേഖലകളില്‍ സമാജ് വാദി പാര്‍ട്ടിക്കും കൂടുതല്‍ പ്രാതിനിധ്യം, ഈ ധാരണയുടെ പുറത്ത് ആദ്യഘട്ടമായി 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് മഹാസഖ്യത്തിന്റെ തീരുമാനം.

സഹരന്‍പൂര്‍, ഗാസിയാബാദ്, ലക്നൗ, കാന്‍പൂര്‍,ഫൈസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഫെബ്രുവരി ആദ്യവാരം തന്നെ പ്രഖ്യാപനം ഉണ്ടാകും. മിഷന്‍ 30 എന്ന പേരില്‍ കോണ്‍ഗ്രസ് യുപിയില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന മണ്ഡലങ്ങളിലാണ് മഹാസഖ്യം ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2014 ല്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ ഈ മണ്ഡലങ്ങളിലൂടെയാണ് കോണ്‍ഗ്രസ് യുപിയില്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള സാധ്യതകളെ പൂര്‍ണമായും എഴുതിത്തള്ളുന്നത് കൂടിയാകും പ്രഖ്യാപനം. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം നേടുകയാണ് മഹാസഖ്യം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here