ഭോപ്പാല്‍: മധ്യപ്രദേശിലെ രത്തം ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് 36 വയസുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹിമ്മത് പാട്ടിദാറിനെ തന്റെ കൃഷിയിടത്തില്‍ ‘കൊല്ലപ്പെട്ട’ നിലയില്‍ കണ്ടെത്തിയത്. സംഭവം മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങള്‍ക്ക് ഇടയാക്കി.

കൊലക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ഭരണം കിട്ടിയതോടെ കമല്‍നാഥ് നാട്ടിലെ കോണ്‍ഗ്രസുകാരെ അക്രമം കാണിക്കാന്‍ അഴിച്ചുവിട്ടിരിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചിരുന്നു.

പിന്നീടാണ് സംഭവത്തിലെ സുകുമാരകുറുപ്പ് മോഡല്‍ ട്വിസ്റ്റ് പുറത്തുവരുന്നത്.

പട്ടീദാറുടെ ജോലിക്കാരനായ 32 കാരനായ മദന്‍ മാളവിയാണ് കൊല്ലപ്പെട്ടതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഹിമ്മത് പാട്ടിദാറിന് ഇരുപതു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നു.

ആ തുക നേടാനായി ഹിമ്മത്ത് പട്ടീദാര്‍ താന്‍ കൊല്ലപ്പെട്ടതായി വരുത്തിത്തീര്‍ക്കുവാനാണ് മാളവിയയെ കൊന്നതെന്ന് പൊലീസ് കരുതുന്നു.

കഴിഞ്ഞ 23നാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായിരുന്നു. പക്ഷേ, ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ശരീരത്തില്‍ നിന്നും കിട്ടിയ പേഴ്സിലെ തിരിച്ചറിയല്‍ രേഖകള്‍, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നുമെല്ലാം അത് ഹിമ്മത് പാട്ടിദാര്‍ ആണെന്ന സൂചനകളാണ് നല്‍കിയത്.

പാട്ടീദാറെ കൊലപ്പെടുത്തിയശേഷം മാളവിയ മുങ്ങിയെന്നാണ് ആദ്യം പൊലീസ് കരുതിയത്.

പാട്ടിദാറിന്റെ ഫാമില്‍ ജോലി ചെയ്തിരുന്ന ജോലിക്കാരനായ മദന്‍ മാളവിയയെ സംഭവത്തിനു തൊട്ടുതലേന്നു മുതല്‍ കാണാനില്ലെന്ന് വ്യക്തമായത്.

വിശദമായ കേസന്വേഷണത്തില്‍ സംഭവം നടന്ന സ്ഥലത്തിന് അരക്കിലോമീറ്ററിനുള്ളില്‍നിന്നും ചെളിപുരണ്ട ചില വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു.

അവ മാളവിയുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവദിവസം വെളുപ്പിനു 4.30 വരെ പാട്ടീദാറിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു ഫോണ്‍ രേഖകളെല്ലാം നീക്കം ചെയ്തിരുന്നതായും കണ്ടെത്തി.

എല്ലാ രാത്രികളിലും പാടത്തേക്ക് വെള്ളം അടിക്കുന്നതിനായി മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാട്ടീദാര്‍ എത്തിയിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.

മൃതദേഹത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും കിട്ടിയ ചെളിപുരണ്ട ഷൂവിന്റെ പ്രിന്റുകള്‍ മാളവിയുടേതിനോട് മാച്ച് ചെയ്യുന്നവയായിരുന്നു. അവിടെനിന്ന് കണ്ടെത്തിയ ഡയറി മാളവിയയുടേതായിരുന്നു.

ആദ്യം ശ്വാസം മുട്ടിച്ചു പിന്നെ മൂര്‍ച്ചയേറിയ എന്തോ ഒരു ആയുധം കൊണ്ട് കഴുത്തിനേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മുടിയും മറ്റു സാമ്പിളുകളും ശേഖരിച്ച് നടത്തിയ ഡിഎന്‍എ ടെസ്റ്റിലും മൃതദേഹം മാളവിയുടേതെന്ന് സ്ഥിരീകരിച്ചു.

അന്വേഷണത്തില്‍ പാട്ടിദാര്‍ 2017 ഡിസംബര്‍ 17ന് സ്വന്തം പേരില്‍ 20 ലക്ഷത്തിന്റെ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായി തെളിഞ്ഞു. പാട്ടിദാറിന് പത്തുലക്ഷം രൂപ കടമുണ്ടായിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായി.

ആ കടം വീട്ടാന്‍ വേണ്ടിയാണ് പാട്ടിദാര്‍ ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത് എന്ന സംശയത്തിലാണ് പൊലീസ്.

ഹിമ്മത് പാട്ടിദാര്‍ ഇപ്പോഴും ഒളിവിലാണ്. പൊലീസ് അദ്ദേഹത്തിനായുള്ള തിരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു. ഇയാളെ കണ്ടെത്തുന്നവര്‍ക്കു അര ലക്ഷം രൂപ നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചു.