ടര്‍ക്കിയിലെ അന്റാല്യ വിമാനത്താവളത്തില്‍ ചുഴലിക്കാറ്റ് തകര്‍ത്ത് വീശിയപ്പോള്‍ ആടിക്കളിച്ചത് വിമാനങ്ങളും ഹെലികോപ്റ്ററും വാഹനങ്ങളും.

നൂറ് കിലോമീറ്ററിലേറെ വേഗതയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റ് വിമാനത്താവളത്തിലെ ബസുകളും ചെറുവാഹനങ്ങളും എടുത്തെറിഞ്ഞു.

പാര്‍ക്കിങ്ങ് ബേയില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറുന്നതിന്റെയും വാഹനങ്ങള്‍ പറന്നുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

 

എയര്‍ ട്രാന്‍സാറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കാര്യമായ പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചു. ഒരു ഹെലികോപ്റ്ററും തകര്‍ന്നു. കാറ്റില്‍ പറന്നുയര്‍ന്ന് ദൂരെക്ക് വീണ് ഏതാനും ബസുകളും തകര്‍ന്നിട്ടുണ്ട്.

നോര്‍വിന്‍ഡ് എയര്‍ലൈന്‍സിന്റെ ബോയിങ്ങ്, സണ്‍ എക്‌സ്പ്രസ്, ടര്‍ക്കിയുടെ ഔണ്‍ എയര്‍ വിമാനങ്ങളാണ് തകര്‍ന്നത്. കാറ്റില്‍ പറന്നെത്തിയ വസ്തുക്കളിടിച്ചാണ് മിക്ക വിമാനങ്ങള്‍ക്കും കേടുപാടുണ്ടായത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറെ നേരത്തേക്ക് നിര്‍ത്തിവെച്ചു.

നാലു ദിവസത്തിനുള്ളില്‍ അഞ്ച് തവണ ടര്‍ക്കിയില്‍ ചുഴലിക്കാറ്റ് വീശിയതോടെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.