“കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ” ; ഈ രണ്ടു മേഖലയിലും ഒന്നാമത് നില്‍ക്കുന്ന കേരളത്തെ അപമാനിക്കുന്ന രാഹുലിന്റെ ചോദ്യം

കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ മഹാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തെക്കുറിച്ച് പറഞ്ഞത് തെറ്റ്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെയെന്നാണ് രാഹുല്‍ ചോദിച്ചത്. ആരോഗ്യപരമായും വിദ്യാഭ്യാസപരമായും ഒന്നാമത് നില്‍ക്കുന്ന കേരളത്തെ അപമാനിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ചോദ്യം.

കേരളത്തിലെ ആശുപത്രികളില്‍ ലോകനിലവാരമുള്ള സൗകര്യങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ നിലവാരത്തിലും സ്‌കൂളുകളുടെ കാര്യത്തിലും മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ് കേരളം.

വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പില്‍ കേരളം ഒന്നാമതെത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച സര്‍വ ശിക്ഷാ അഭിയാന്റെ (എസ്.എസ്.എ.) 2017-18 വര്‍ഷത്തെ നിര്‍വഹണത്തില്‍ കേരളം മികവുപുലര്‍ത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പെടെയുള്ള സാമൂഹിക നീതി നിര്‍വഹണം, വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, വിദ്യാലയങ്ങളുടെ നടത്തിപ്പ്, നല്ല ക്ലാസ് മുറികളും വൃത്തിയുള്ള ശൗചാലയങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിഗണിച്ചത്.

4,752 ഹൈസ്‌കൂളുകളില്‍ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുമെന്നായിരുന്നു ഒരു വര്‍ഷം മുമ്പു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതും കേരള സര്‍ക്കാര്‍ നിര്‍വഹിച്ചിരുന്നു. 58,430 ലാപ് ടോപ്, 42,227 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍ തുടങ്ങിയവ സ്‌കൂളുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒരു സ്‌കൂളിലൊഴികെ 4,751 സ്‌കൂളുകളിലും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനും ആയി.

ഇത്രയും നേട്ടം കൈവരിച്ച കേരളത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെയെന്ന് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News