രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട് യു ഡി എഫ് ഘടകകക്ഷികള്‍

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട് യു ഡി എഫ് ഘടകകക്ഷികള്‍. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും മുസ്ലീംലീഗുമാണ് അധിക സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അതേ സമയം അധിക സീറ്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.

എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധി യു ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. കോട്ടയത്തിന് പുറമെ ഒരു സീറ്റുകൂടി വേണം എന്ന ആവശ്യം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം രാഹുല്‍ ഗാന്ധിയോടാവശ്യപ്പെട്ടു. കെ എം മാണിയുണ്ടായിരുന്നെങ്കിലും പി ജെ ജോസഫാണ് കേരള കോണ്‍ഗ്രസ്സിന് വേണ്ടി അധിക സീറ്റ് ആവശ്യപ്പെട്ടത്. ഇടുക്കിയോ ചാലക്കുടിയോ നല്‍കണമെന്നായിരുന്നു ആവശ്യം. നേരത്തെ കേരള കോണ്‍ഗ്രസ്സിന് രണ്ട് സീറ്റുണ്ടായിരുന്നുവെന്നും അതില്‍ വിജയിച്ചിരുന്നുവെന്നും പി ജെ ജോസഫ് രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു.

അതേ സമയം മൂന്നാം സീറ്റിന് അവകാശമുണ്ടെന്ന് മുസ്ലീം ലീഗും രാഹുല്‍ ഗാന്ധിയെ അറിയിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉന്നയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ കൂടുതല്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നായിരുന്നു യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പ്രതികരണം.

അരമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയത്. വരാന്‍ പോകുന്ന യു ഡി എഫ് യോഗങ്ങള്‍ ശക്തമായ സീറ്റ് തര്‍ക്കങ്ങളുടെ വേദിയാകുമെന്നാണ് കോണ്‍ഗ്രസ്സ് അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം ഘടക കക്ഷി നേതാക്കള്‍ നല്‍കുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel