“നിങ്ങളെ പോലുള്ളവര്‍ ഒരു പ്രവർത്തനവും നടത്താതെ നേരിട്ട് വന്നു മത്സരിക്കാൻ ഇറങ്ങിയാൽ അതും നാം സഹിക്കും  എന്ന് കരുതരുത്; തല്ലുകൊണ്ടും ജയിലില്‍ കിടന്നും സംഘടനാപ്രവര്‍ത്തനം നടത്തിയ ഞങ്ങള്‍ എന്തു ചെയ്യും”; ഷാനവാസിന്‍റെ മകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം, പൊട്ടിത്തെറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരു:പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട് സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അന്തരിച്ച നേതാവ് എം ഐ ഷാനവാസിന്‍റെ  മകള്‍ക്ക് തുറന്ന മറുപടിയുമായി  മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി.

വർഷങ്ങൾ പാര്‍ട്ടിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന  ,സമയവും ,പഠനവും ,ജീവിതവും ,സമ്പത്തുമൊക്കെ പാർട്ടിക്ക് വേണ്ടി തുലച്ചു കളഞ്ഞ, ഇപ്പോ‍ഴും  ഒരുപാടു അർഹർ കോണ്‍ഗ്രസ് പാർട്ടിയിലുണ്ട്.  അവരിലൊരാളെ, വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു.

പാര്‍ട്ടിയ്ക്കുവേണ്ടി  പണിയെടുത്തവവരെ, തള്ളി സ്ഥാനാര്‍ഥിയാവരുതെന്നും ഷാനവാസിന്‍റെ മകളോട് നിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യടുന്നു.  തന്നെയും പാര്‍ട്ടി പരിഗണിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ്  മുന്‍ സംസ്ഥാന വെെസ് പ്രസിഡന്‍റ് പരിതപിക്കുന്നുണ്ട്.

താന്‍, സത്യസന്ധത കൊണ്ടും ,പ്രവർത്തനം കൊണ്ടും മിടുക്കു തെളിയിച്ചിട്ടും എ. കെ ആന്റണിക്ക് പോലും കണ്ണ് തുറക്കാൻ കഴിഞ്ഞില്ല. നിങ്ങളെ പോലുള്ള നേതാക്കളുടെ മക്കൾ  ഒരു പ്രവർത്തനവും നടത്താതെ നേരിട്ട് വന്നു നിയമ സഭയിലും പാർലമെന്റിലും മത്സരിക്കാൻ ഇറങ്ങിയാൽ അതും നാം സഹിക്കണം  എന്ന് കരുതരുത് .പല നേതാക്കൾക്കും താന്‍ പറയുന്നത്, ഇഷ്ടപ്പെടില്ലായിരിക്കും, എന്നാല്‍, അതെനിക്ക് പ്രശ്നമില്ലെന്നും നിയാസ് വ്യകാതമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട നേതാവ് ശ്രീ .എം ഐ ഷാനവാസിന് ആദരാജ്ഞലികൾ

പ്രിയപ്പെട്ട ആമിന ഷാനവാസ് 

താങ്കൾക്ക് സ്വാഗതം . രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ രാജ്യത്തു ഏതൊരു പൗരനും ഉള്ള പോലെ താങ്കൾക്കും ഉണ്ട്. പക്ഷെ ചില വിയോജിപ്പുകൾ കേരളത്തിലെ യുവജന സംഘടനാ പ്രവർത്തകരും ,പൊതുജനവും ചർച്ച ചെയുമ്പോൾ ചില അഭിപ്രായങ്ങൾ അറിയിക്കുന്നു .

ഞാൻ വളരെ കുട്ടിക്കാലത്തെ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കെ എസ് യു വിലൂടെ രാഷ്ട്രീയ ത്തിലേക്ക് കടന്നു വന്ന ഒരാളാണ് .അതിനു മുൻപ് തന്നെ ചേട്ടന്മാരോടൊപ്പം ചുവരെഴുതാനും പോസ്റ്റർ ഒട്ടിക്കാനും പോയ്യി കോൺഗ്രസ് പ്രവർത്തനവും തുടങ്ങിയിരുന്നു .

സ്കൂളിൽ എസ് എഫ് ഐയോട് പൊരുതി ക്ലാസ് ലീഡറാകാറുകയും ,പലപ്പോഴും എസ് എഫ് ഐക്കാരുടെ തല്ലു വാങ്ങിയുമൊക്കെയാണ് സ്കൂൾ കാലഘട്ടം, കഴിഞ്ഞത് .കോളേജ് കാലഘട്ടത്തിൽ മുഴുവൻ സമയ പ്രവർത്തകൻ ആയതിനാൽ സമയത്തു ക്ലാസ്സിൽ കയറാനോ പ്രാക്ടിക്കൽ ചെയ്യാനോ ഒക്കെ കഴിയാത്ത അവസ്ഥയിൽ അവസാനം ഗ്രൂപ്പ് മാറി പരീക്ഷ എഴുതേണ്ടി വന്നു .

വിദ്യാർത്ഥി സംഘട്ടനത്തിനിടെ അകാരണമായി പോലീസ് കസ്റ്റഡിയിൽ ആകുകയും ചെയ്തു .അന്ന് സഹിച്ച മനോവേദനയും ആക്ഷേപവും ഇന്നും മറക്കാനാകില്ല .ഒരു സ്കൂൾ അധ്യാപകനായ വാപ്പ അന്ന് സ്റ്റേഷനിൽ നിന്ന് ഇറക്കികൊണ്ടു വന്നത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് .

അതിനു ശേഷം അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പഠിക്കുമ്പോൾ ഒരു സാധാ പ്രവർത്തകൻ ആയി മാറി പദവികളിൽ നിന്ന് അകലം പാലിച്ചും മുന്നോട്ടു പോകുമ്പോഴും നാട്ടിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്നു .

ആ കാലത്തു തന്ന്നെ വാർഡിലെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ഇടതുപക്ഷത്ത് നിന്ന് സീറ്റ് പിടിച്ചെടുത്തു പഞ്ചായത് കോൺഗ്രസിൽ എത്തിക്കാൻ സഹായമാകുവാനും കഴിഞ്ഞിട്ടുണ്ട് .തിരുവനതപുരം ലോ കോളേജിൽ പഠിക്കുവാൻ പോയത് തന്നെ കെ എസ യുവിൽ പ്രവർത്തിക്കുവാനും നേതാവ് ആകാനുമാണ് .

തല്ലും മുഷ്‌കുമായി എസ് എഫ് എഫ് വാണിരുന്ന കോളേജിൽ പഠനം ഉഴപ്പിയും ,(എൽ എൽ ബി യൊക്കെ ഒറ്റ വര്ഷം കൊണ്ട് എഴുതിയെടുത്തു കേട്ടോ). മറ്റു സഹ പ്രവർത്തകരോടൊപ്പം ശക്തമായി പ്രതിരോധിച്ചും തല്ലു വാങ്ങിയും കെ എസ് യു വിന്റെ നേത്രത്വത്തിൽ യുണിയൻ പിടിക്കുകയും ഒക്കെ ചെയ്താണ് കോളേജ് വിട്ടത് .

കോളേജിൽ ചെയര്മാന് ആയി വര്ഷങ്ങള്ക്കു ശേഷം ഞാൻ വിജയിച്ചത് അന്ന് എന്റെ സഹപ്രവർത്തകരായിരുന്ന മാത്യു കുഴൽനാടനും ,എം. ലിജുവും ,വിഷ്ണുനാഥും ,അരുൺരാജ്ഉം അങ്ങനെ പേരെടുത്തു പറയേണ്ട ഒരുപാടു കെ എസ യുക്കാരുടെ അധ്വാനം ആയിരുന്നു .

പലപ്പോഴും സെക്രെട്ടറിയേറ്റിനു മുൻപിൽ നിന്ന് തല്ലും കിട്ടിയിട്ടുണ്ട് .പല കേസുകളിലും പെട്ടിട്ടുണ്ട്‌ .ഇന്നും ജാമ്യത്തിൽ നിൽക്കുന്ന കേസുകളും ഉണ്ട് .മികച്ച പ്രവർത്തനം കാഴ്ച വെച്ചാൽ നേതാവാകാം എന്ന് കരുതി കെ എസ യുവിന് വേണ്ടി പല തിരഞ്ഞെടുപ്പിലും കെ എസ് യു കല ജാഥാ സംഘടിപ്പിച്ചിട്ടുണ്ട് .അതിനു ഉമ്മൻ‌ചാണ്ടി സാറും എം എം ഹസ്സനും ,കൊടിക്കുന്നിൽ സുരേഷും ,പത്മജ വേണുഗോപാലുമൊക്കെ സഹായിച്ചിട്ടുണ്ട് .

കൂടുതൽ മികച്ച പ്രവർത്തനം കാഴ്ച വെക്കാനായി 2002 ൽ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും ഇല്ലാത്ത രീതിയിൽ കെ എസ് യു വിനു വേണ്ടി വിദ്യാഭ്യാസ വിവര വെബ്സൈറ്റ് ആരംഭിക്കുകയും അത് അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്റണി ഉൽഘാടനം ചെയുകയും ചെയ്തു .പക്ഷെ കെ എസ യു വില ഒരു ഭാരവാഹി ആകാൻ അതൊന്നും പോരായിരുന്നു .

സത്യസന്ധത കൊണ്ടും ,പ്രവർത്തനം കൊണ്ടും മിടുക്കു തെളിയിച്ചിട്ടും എ. കെ ആന്റണിക്ക് പോലും കണ്ണ് തുറക്കാൻ കഴിഞ്ഞില്ല .കെ എസ യു പുനഃസംഘടന ആവശ്യപ്പെട്ടു സമീപിച്ച എന്നോടും മാത്യു കുഴൽനാടനോടും നിങ്ങളുടെ കോളേജിൽ വിജയിച്ചു കാണിക്കൂ എന്നാവശ്യപ്പെട്ടതു ശ്രീ.എ.കെ ആന്റണി ആയിരുന്നു . അവസാന വര്ഷം വിജയിച്ചു കാണിച്ചതുമാണ് .

എന്നിട്ടും അർഹമായ പദവികളിൽ നിന്ന് ഒഴിവാക്കാക്കപെട്ടപ്പോൾ ഒരിക്കൽ പോലും ഒരു സഹായവും അദ്ദേഹം ചെയ്തു തന്നില്ല .തുടർന്ന് ഒറ്റപെട്ടലിൽ അപമാനം സഹിക്കാനാകാതെ ഡൽഹിയിൽ ഇന്ത്യൻ ലോ ഇന്സ്ടിട്യൂട്ടിൽ സൈബർ ലോ പഠിക്കാൻ പോകുകയും അവിടെ നിന്ന് എൻ എസ് യു വിലൂടെ സജീവമാകുകയും ചെയ്തു .

എന്നിട്ടും അർഹമായത് അകലെ തന്നെ ആയിരുന്നു . 2002 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ബി ജെ പിയുടെ ഇന്ത്യ തിളങ്ങുന്നു പ്രചാരണം പൊളിക്കാൻ സുപ്രീം കോടതിയിൽ സൽമാൻ ഖുർഷിദിന് കീഴിൽ ആരംഭിച്ച പ്രാക്ടീസ് ഉപേക്ഷിച്ചു എ ഐ സി ഐയ്ക്ക് വേണ്ടി ഇലക്ട്രോണിക് ക്യാമ്പയിൻ നടത്താനും കഴിഞ്ഞു .വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ട ആ പ്രോഗ്രാമിന് ശേഷം അർഹമായതിലേയ്ക് പരിഗണിച്ചപ്പോൾ സാമ്പത്തികം കൈയിലുള്ള ചിലർ ഇറങ്ങി അതും തട്ടി തെറിപ്പിക്കുക ആയിരുന്നു .

അവസാനം രാഷ്ട്രീയം ഉപേക്ഷിച്ചു കേരള ഹൈ കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും നിങ്ങളുടെ എറണാകുളത്തുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ സഹപ്രവർത്തകരോടൊപ്പം കഴിയുമ്പോൾ ആണ് വൈക് യൂത്ത് കോൺഗ്രസിന്റെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി ആക്കുന്നത് .അതും വെട്ടിനിരത്താൻ പലരും ഇറങ്ങി .അത് നിലനിർത്താൻ സഹിച്ച യാതനകൾ പറഞ്ഞറിയിക്കാൻ ആകാത്തതാണ് .പിന്നീട് ഗ്രൂപ്പില്ലാത്തതു കൊണ്ട് ഒതുക്കലുകളുംഅവഗണനയും ആയിരുന്നു .

സംസ്ഥാന കമ്മിറ്റിക്ക് പോകവേ കാലൊടിഞ്ഞു കിടപ്പിലായ എനിക്ക് ആ പരിഗണന പോലും തന്നില്ല .പാർട്ടിയെ സംഘടിപ്പിക്കാൻ അഭിഭാഷവൃത്തി ഉപേക്ഷിച്ചു ഇറങ്ങിയ എനിക്ക് അവസാനം മറ്റുള്ളവർ എന്റെ പ്രദേശത്തു വന്നു മത്സരിക്കുന്നത് കണ്ടു അന്തിച്ചു നിൽക്കേണ്ടി വന്നു .

നിയമന നിരോധനം ഏർപെടുത്തിയതിനെതിരെ സെക്രെട്ടറിന്റെ മാർച്ചിനിടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ലിജുവിനൊപ്പം വൈസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്ന ഞാനും ,സഹ പ്രവർത്തകർ ആയ രാജേഷും ,മഹേഷും ,ഒന്നുമാകാതെ പോയ നിരവധി പ്രവർത്തകരും പോലീസിന്റെ തല്ലു വാങ്ങി ജയിലിലും ആശുപത്രിയിലും കിടക്കുകയും ഇന്നും ആ കേസ് കോടതിയിൽ നടക്കുകയുമാണ് .

യൂത്ത് കോൺഗ്രസിലെ മികച്ച പെർഫോമൻസ് കണക്കിലെടുത്തു രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് സ്കാനിൽ മികച്ച പ്രകടനം നടത്തുകയും ,അവസാന റൗണ്ടിൽ ആരോ എന്റെ പ്രായം കൂട്ടി വെച്ച് സഹായിച്ചു തരികയും ചെയ്തു .2010 ൽ കാലാവധി ബാക്കിയുണ്ടായിരുന്ന കമ്മിറ്റിയെ പെരുവഴി ആക്കിയിട്ടു പാർട്ടിക്ക് വേണ്ടി കയ്യും മെയ്യും മറന്നു പ്രവർത്തിക്കേണ്ട സമയത്തു മുതിർന്ന പ്രവർത്തകരെ ഇരുത്തേണ്ടുന്ന കെ പി സി സി എക്സിക്യൂട്ടീവിൽ ഇരുത്തി നമ്മളെയൊക്കെ ഒന്നിനും കൊള്ളാത്തവർ ആക്കി .ഇപ്പോഴും പണിയെടുക്കാൻ കഴിയുന്ന ഒരു ഉത്തരവാദിത്വം അകലെ ആണ് .മറ്റു പലരും തലയ്ക്കു മുകളിൽ കൂടി വരുമ്പോഴും അച്ചടക്കം പാലിക്കേണ്ടവർ ആണ്‌ നാം .ഇടയ്ക്കു ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനാർത്ഥികളെ തീരുമാനിച്ചപ്പോൾ പ്രതിക്ഷേധിച് രാജി വെച്ച് പുറത്തു പോകേണ്ടി വന്നിട്ടുമുണ്ട് .അന്ന് തിരിച്ചു വന്നത് എന്നെ ഒരിക്കലും സഹായിച്ചില്ലെങ്കിലും നന്നായി അറിയുന്ന പ്രിയ നേതാവ് ശ്രീ. എ .കെ ആന്റണിയുടെ പ്രേരണ കൊണ്ട് മാത്രമാണ്

നാടിനു വേണ്ടി നല്ലൊരു നേതാവാകണം എന്ന ചിന്തയിൽ പഠനവും ,തൊഴിലും ,കുടുംബവും ഒന്നും പ്രശനം അല്ല എന്ന ചിന്തയിൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരായി ആയിരങ്ങൾ ഈ പാർട്ടിയിൽ നടക്കുമ്പോൾ ,അർഹിക്കുന്നത് കിട്ടാതെ ,പഠനം പൂർത്തിയാക്കാതെ ,തല്ലും , കുത്തും കിട്ടി ജീവിതം തകർന്നവർ, കേസിൽ ഇപ്പോഴും കുരുങ്ങി കിടക്കുന്നവർ ,സാമ്പത്തികമായി തകർന്നവർ നിങ്ങളെ പോലുള്ള നേതാക്കളുടെ മക്കൾ മേല്പറഞ്ഞ ഒരു പ്രവർത്തനവും നടത്താതെ നേരിട്ട് വന്നു നിയമ സഭയിലും പാർലമെന്റിലും മത്സരിക്കാൻ ഇറങ്ങിയാൽ അതും നാം സഹിക്കണം എന്നാണോ ?കഴിഞ്ഞ ദിവസങ്ങളിൽ താങ്കളുടെ പല പ്രതികരണങ്ങളും കണ്ടു അതുകൊണ്ടാണ് ഇതെഴുതാമെന്നു കരുതിയത് .പല നേതാക്കൾക്കും ചിലപ്പോൾ ഇത് ഇഷ്ടപ്പെട്ടു എന്ന് വരില്ല .അത് സാരമില്ല .
പദവികൾക്കു വേണ്ടിയല്ല രാഷ്ട്രീയത്തിൽ വരുന്നതു .പദവികൾ ആസ്വദിക്കാനല്ല ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും അവരെ സഹായിക്കാനുമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് .

താങ്കളുടെ വാപ്പയുമായി നല്ല ആത്മ ബന്ധം പുലർത്തുകയും .പലപ്പോഴും അദ്ദേഹത്തിന് അർഹമായ പരിഗണന കിട്ടാത്തപ്പോൾ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന തോതിൽപിന്തുണച്ചിട്ടിട്ടുണ്ട് .മക്കൾ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും അതിനെതിരെ ലീഡറോട് പോലും പ്രതിക്ഷേധിക്കുകയും ചെയ്ത ശ്രീ. എം. ഐ ഷാനവാസിനോട് . കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് മുഴുവൻ ആദരവും സ്നേഹം ഉണ്ട്.അദ്ദേഹത്തിന്റെ വേർപാടിൽ നിങ്ങളുടെ കുടുംബം വേദനിക്കുന്ന പോലെ കേരളത്തിലെ ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകരും വേദനിക്കുന്നു .

പ്രിയ സഹോദരി ,ഞാൻ വയനാട് സീറ്റ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവൻ അല്ല .അതിനു അർഹതയുള്ള ഒട്ടനവധി ത്യാഗം സഹിച്ച നേതാക്കൾ ഉണ്ടെന്നു വിശ്വസിക്കുന്നവനാണ് .ആരെങ്കിലും നിങ്ങളെ വയനാട് സീറ്റ് മോഹിപ്പിച്ചു സമീപിച്ചെങ്കിൽ ഒന്ന് അറിയുക അത് നിങ്ങളെ നന്നാക്കാനല്ല അർഹതയുള്ള മറ്റാരെയോ ഒഴിവാക്കാൻ ആണ് .

മക്കൾ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുത്ത എം ഐ ഷാനവാസിന്റെ മകൾ ഒരിക്കലും ഡയറക്റ്റ് ആയി വയനാട്ടിൽ വന്നിറങ്ങുന്നതു അംഗീകരിക്കാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും യുവജനപ്രവർത്തകർക്കും കഴിയില്ലെന്നുള്ള സത്യം മനസിലാക്കണം .

കരൾ പകുത്തു നൽകിയ ത്യാഗമൊക്കെ നമ്മൾ ആരാധനയോടും സ്നേഹപൂർവുമാണ് കാണുന്നത് .അതൊക്കെ ഇല്ലാതാക്കി ഒരു സീറ്റിനു വേണ്ടി കടിപിടി കൂടുന്ന ഒരാളായി തിരുത്തൽ വാദിയായ നേതാവിന്റെ മകൾ ചുരുങ്ങരുത് .ഇതൊക്കെ ആ നേതാവിനോടുള്ള ആദരവും സ്നേഹവും കൊണ്ട് പറയുന്നതാണ് . രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ നേരെ എം പി ആകേണ്ടതില്ല .കോൺഗ്രസിന്റെ എത്രയോ വിഭാഗങ്ങൾ ഉണ്ട് .അവിടെ കുറെ നാൾ പ്രവർത്തിക്കാം .കഴിവ് തെളിയിക്കാം .വാപ്പയ്ക് അവസാനം അർഹത തേടിയെത്തിയത് പോലെ നിങ്ങൾക്കും അര്ഹമായതു തേടി വരും .അതുവരെ കാത്തിരുന്ന് കൂടെ .

നിങ്ങളോടുള്ള വിരോധം കൊണ്ടല്ല .ഇത്രയും എഴുതിയത് .നിങ്ങളുടെ വാപ്പയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് .നിങ്ങൾ നൽകിയ ത്യാഗത്തെ ബഹുമാനിച്ചു കൊണ്ട് …..
വർഷങ്ങൾ പ്രവർത്തിച്ചിട്ടും ,സമയവും ,പഠനവും ,ജീവിതവും ,സമ്പത്തുമൊക്കെ പാർട്ടിക്ക് വേണ്ടി തുലച്ചു കളഞ്ഞ ഒരുപാടു അർഹർ ഈ പാർട്ടിയിലുണ്ട് .അവരിൽ ഒരാളെ വയനാട് സീറ്റിലേക്ക്കൊണ്ട് വരികയും താങ്കളും കൂടി ചേർന്ന് അവരെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണം എന്ന് അപേക്ഷിച്ചു കൊണ്ട് നിര്ത്തുന്നു

സ്നേഹ ബഹുമാനങ്ങളോടെ

നിയാസ് ഭാരതി

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News