ബിജെപി ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു; കോൺഗ്രസ് ഈ പാത പകര്‍ത്തുന്നു; മതനിരപേക്ഷ നാട്യംപോലും കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു – പ്രകാശ് കാരാട്ടിന്റെ ലേഖനം

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനുവരി എട്ടിന് ലോക്സഭയിൽ പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയശേഷം അസമും വടക്കുകിഴക്കൻ മേഖലയിലെ ഇതര സംസ്ഥാനങ്ങളും കലാപത്തിലാണ്.

വിവിധ സംഘടനകളും രാഷ്ട്രീയ പാർടികളും തെരുവിൽ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്തെ മുന്നണി സർക്കാരിൽ സഖ്യകക്ഷിയായിരുന്ന അസം ഗണപരിഷത്ത് (എജിപി) മന്ത്രിമാരെ പിൻവലിച്ച്, ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) വിട്ടു.

ബിജെപി ഭരിക്കുന്ന മണിപ്പുരിലെ മുഖ്യമന്ത്രിപോലും പുതിയ നിയമം തന്റെ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറ തകർക്കുന്ന ബിൽ നിയമവിരുദ്ധമായി ഇന്ത്യയിൽ കടന്ന ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധമതവിശ്വാസികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നത് അസംകാരുടെയും ഇതര തദ്ദേശീയ ജനവിഭാഗങ്ങളുടെയും സവിശേഷസ്വഭാവത്തെ ഇല്ലാതാക്കുമെന്ന ഭീതിയെ തുടർന്നാണ് അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം അലയടിക്കുന്നത്.

അസമിൽ വിദേശികൾക്കെതിരെ നടന്ന ദീർഘമായ പ്രക്ഷോഭത്തിന്റെ ഫലമായി 1985ൽ അസം കരാർ ഒപ്പിട്ടു; 1971 മാർച്ച് 24നുമുമ്പ് ഇന്ത്യയിൽ പ്രവേശിച്ചവരെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കുകയുള്ളൂ എന്ന് ഈ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.

ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് അഭയാർഥികളുടെ പ്രവാഹത്തിന് ഇടയാക്കിയ ബംഗ്ലാദേശ് വിമോചനയുദ്ധവുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ സമയപരിധി.

നിലവിൽ, പൗരന്മാരുടെ ദേശീയ രജിസ്റ്ററിലേക്കുള്ള (എൻആർസി) രജിസ്ട്രേഷൻ പ്രക്രിയ അന്തിമഘട്ടത്തിലാണ്. ഈ സന്ദർഭത്തിലാണ് അസം കരാർ പ്രകാരമുള്ള എല്ലാ ഏർപ്പാടുകളെയും അട്ടിമറിക്കുമെന്ന ഭീഷണി ഉയർത്തി ബിജെപി സർക്കാർ പൗരത്വ നിയമഭേദഗതി ബിൽ കൊണ്ടുവന്നത്.

അസമിലും ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല പൗരത്വ നിയമഭേദഗതി ബിൽ എതിർക്കപ്പെടേണ്ടതാകുന്നത്.

അതിന് അടിസ്ഥാനപരമായ മറ്റൊരു കാരണമുണ്ട്‐പൗരത്വം സംബന്ധിച്ച് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സങ്കൽപ്പത്തിന്റെ അടിവേര് തന്നെ തോണ്ടുന്ന നിയമനിർമാണമാണിത്.

ഭരണഘടനപ്രകാരം പൗരത്വം എന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ല. പക്ഷേ, മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകാൻ ഈ ബില്ലിൽ വ്യവസ്ഥചെയ്യുന്നു.

അയൽരാജ്യങ്ങളിൽനിന്നെത്തിയ മുസ്ലിങ്ങളെ പൗരത്വത്തിനായി പരിഗണിക്കാൻ കഴിയില്ല, അവർ അനധികൃത കുടിയേറ്റക്കാരായി തുടരണം.

എല്ലാ ഹിന്ദുക്കളും ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ഇതര മതവിശ്വാസികൾ അന്യരാണെന്നുമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മോഡി സർക്കാരിന്റെ ഈ നീക്കം.

അതുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറതന്നെ തകർക്കുന്ന ബില്ലാണിത്. അതിനാൽ ഈ ബിൽ നിയമമായി മാറുന്നത് തടയണം.

ബിജെപിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ഈ ബിൽ വരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻപ്രതിഷേധങ്ങൾക്കുശേഷവും സർക്കാർ ഈ ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ ശ്രമിച്ചാൽ പ്രതിപക്ഷം ഒന്നടങ്കം ഒത്തുചേർന്ന് ആ നീക്കത്തെ ചെറുത്തുതോൽപ്പിക്കണം.

ബിജെപി സഖ്യകക്ഷിയായ ജെഡിയു പോലുള്ള പാർടികളും ബില്ലിനെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ചെറുത്തുനിൽപ്പ് സാധ്യമാണ്.

ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ബിജെപിയുടെ നീക്കം അസമിലും വടക്കുകിഴക്കൻ മേഖലയിലാകെയും അവർക്ക് വൻനഷ്ടമുണ്ടാക്കും; ഈ മേഖലയിലെ ജനങ്ങൾ അവരുടെ സംസ്കാരത്തിനും സവിശേഷസ്വഭാവത്തിനും എതിരായ നീക്കമായാണ് ഈ ബില്ലിനെ കാണുന്നത്.

ഹിന്ദുത്വ അജൻഡ

പൗരത്വത്തിന്റെ പുനർനിർവചനംപോലുള്ള വിഷയങ്ങൾവഴി ബിജെപി ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് ഇതേ അജൻഡ പകർത്താൻ ശ്രമിക്കുന്നു.

ഇപ്പോൾ കേരളത്തിൽ നമ്മൾ കണ്ടതുപോലെ, ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ വിഷയത്തിൽ ബിജെപി‐ആർഎസ്എസ് നിലപാടിനെ പിന്തുടരുകയാണ് കോൺഗ്രസ് ചെയ്തത്. പക്ഷേ, ഇത് ഒറ്റപ്പെട്ട സംഭവമല്ല.

പശുവിനെ “രാജ്യത്തിന്റെ മാതാവായി’ പ്രഖ്യാപിക്കാൻ ഹിമാചൽപ്രദേശ് നിയമസഭ കഴിഞ്ഞമാസം പ്രമേയം പാസാക്കി. കോൺഗ്രസ് എംഎൽഎ അനിരുദ്ധ് സിങ് അവതരിപ്പിച്ച പ്രമേയത്തിന് ഭരണപക്ഷ ബിജെപി എംഎൽഎമാരുടെ പിന്തുണ ലഭിച്ചു.

ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ സമാനമായ പ്രമേയം പാസാക്കിയതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് എംഎൽഎ ഹിമാചലിൽ ഇതിന് മുൻകൈയെടുത്തത്.

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ആത്മീയതയ്ക്കുവേണ്ടി പുതിയ വകുപ്പ് തുടങ്ങി. ഈ വകുപ്പിന്റെ പദ്ധതിപ്രകാരം, ക്ഷേത്രം പൂജാരിമാരുടെയും സന്യാസിമാരുടെയും വേതനം അഞ്ചിരട്ടിയാക്കി.

വനവാസക്കാലത്ത് രാമൻ സഞ്ചരിച്ചതായി കരുതുന്ന പാത എന്നപേരിൽ രാം വനപഥ് ഗമൻ പോലുള്ള തീർഥാടനപാതാ പദ്ധതികളും നടപ്പാക്കുകയാണ്.

രാജസ്ഥാനിൽ കഴിഞ്ഞ ബിജെപി സർക്കാർ സ്ഥാപിച്ച പശുക്ഷേമ മന്ത്രാലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ പുതിയ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ പശുക്ഷേമ മന്ത്രി പ്രമോദ് ഭയ്യ പറയുന്നു:

“എല്ലാ ദേവന്മാരും ദേവതകളും ഗോമാതാവിൽ കുടികൊള്ളുന്നുവെന്നാണ് നമ്മുടെ ശാസ്ത്രം അനുശാസിക്കുന്നത്”.

കോൺഗ്രസ് സർക്കാരുകൾ ബിജെപിയുടെ സർക്കാരുകളേക്കാൾ ഹിന്ദു അനുകൂലമാണെന്ന് കാണിക്കാനാണ് ഇതെല്ലാം.

രാജ്യത്തെ പ്രമുഖ മതനിരപേക്ഷ രാഷ്ട്രീയശക്തിയെന്ന നാട്യംപോലും ഇത്തരം മൃദുഹിന്ദുത്വ നിലപാടുകൾവഴി കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here