ചൈത്ര കുരുക്കിലേക്ക്; പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്തത് നിയമം പാലിക്കാതെയെന്ന് കോടതി രേഖകള്‍;

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ചൈത്ര തെരേസാ ജോണ്‍ റെയ്ഡ് ചെയ്തത് നിയമം പാലിക്കാതെയെന്ന് കോടതി രേഖകള്‍.

റെയ്ഡ് സമയത്ത് തയ്യാറാക്കേണ്ട സെര്‍ച്ച് ലിസ്റ്റും, മിനിറ്റ്‌സും തയ്യാറാക്കിയത് പിന്നീട് എന്ന് വ്യക്തമാകുന്നു. റെയ്ഡ് സമയത്ത് ഉണ്ടായിരിക്കേണ്ട സ്വതന്ത്ര സാക്ഷികള്‍ക്ക് പകരമായി സെര്‍ച്ച് മെമ്മോയിലും, സെര്‍ച്ച് ലിസ്റ്റിലും ഒപ്പിട്ടിരിക്കുന്നത് പോലീസുകാര്‍ തന്നെ. ക്രിമിനല്‍ നടപടി ചട്ടത്തിലെ ലംഘനമാണ് ചൈത്ര നടത്തിയതെന്ന് നിയമവിദദ്ധര്‍.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ജനുവരി 24 ന് രാത്രി 11.43 നാണ് ചൈത്ര തെരേസോ ജോണിന്റെ ഔദ്യോഗിക വാഹനമായ വെളുത്ത സ്‌കോര്‍പ്പിയോ ജില്ലാ കമ്മറ്റി ഓഫീസിലെത്തുന്നത്. കൃത്യം 11.44ന് ചൈത്ര ജില്ലാ കമ്മറ്റി ഓഫീസിനുളളിലേക്ക് പ്രവേശിക്കുന്നു. 11.46 കഴിഞ്ഞ് 41 സെക്കന്‍ഡുകള്‍ പിന്നിടുമ്പോള്‍ ചൈത്ര തിരികെ മടങ്ങുന്നു.

അതിനര്‍ത്ഥം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാന്‍ പോലീസ് എടുത്ത സമയം കേവലം രണ്ട് മിനിറ്റും 31 സെക്കന്‍ഡും. ആവശ്യമെങ്കില്‍ പോലീസിന് വാറണ്ട് ഇല്ലാതെ ഏത് സ്ഥലവും പരിശോധിക്കാന്‍ അധികാരം നല്‍കുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിലെ 165 വകുപ്പ് ആണ്.

റെയ്ഡ് നടത്തുന്ന കെട്ടിടത്തിലെ എതെല്ലാം മുറികള്‍ കയറി എന്നും അവിടെ ഉണ്ടായിരുന്ന വസ്തു വഹകള്‍ എന്തെല്ലാം ആയിരുന്നു എന്നും കോടതിക്ക് നല്‍കുന്ന സെര്‍ച്ച് ലിസ്റ്റില്‍ ഉള്‍പെടുത്തണം.

പോലീസ് നടപടി ക്രമങ്ങള്‍ മുഴുവനായി മിനിറ്റ്‌സില്‍ രേഖപെടുത്തണം. ഇകാര്യങ്ങള്‍ എല്ലാം പരിശോധന നടക്കുമ്പോള്‍ തന്നെ രേഖപെടുത്തേണ്ടതാണ്. സിആര്‍പിസി സെക്ഷന്‍ 100 പ്രകാരം ഇത് ഉറപ്പ് വരുത്തേണ്ടത് റെയ്ഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ബാധ്യതയുമാണ്.

മൂന്ന് നിലകളിലാകളിലായി നിരവധി മുറികള്‍ ഉളള സിപിഐഎം ഓഫീസ് റെയ്ഡ് ചെയ്യാനെടുത്ത സമയമാവട്ടെ കേവലം 2 മിനിറ്റും 31 സെക്കന്‍ഡും. ഇത്രയും കുറഞ്ഞ സമയം കൊണ്ട് കുടുസുമുറിയിലെ പരിശോധന പോലും പൂര്‍ത്തികരിച്ച് മിനിറ്റ്‌സ് തയ്യാറാക്കാനാവില്ല.

എന്നാല്‍ തിരുവനന്തപുരം ACJM കോടതിയില്‍ ച്രൈത്ര തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് നിലകെട്ടിടം പരിശോധിച്ചെന്ന് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. റെയ്ഡ് സമയത്ത് പ്രദേശത്തെ മാന്യരും സ്വതന്ത്രരുമായ സാക്ഷികളുടെ സാനിധ്യം വേണമെന്നും സിആര്‍പിസിയില്‍ പറയുന്നു.

സ്വതന്ത്യ സാക്ഷികള്‍ക്ക് പകരം കോടതിക്ക് നല്‍കിയ സെര്‍ച്ച് ലിസറ്റിലും മെമ്മോയിലും സാക്ഷികളായി ഒപ്പിട്ടത് മെഡിക്കല്‍ കോളേജ് എസ്‌ഐ സതീഷ് ശേഖരും, ക്രൈം എസ്‌ഐ ബി.സാബുവും, എസ്എസ്‌ഐ പുഷ്പരാജനും, ശ്രീനിവാസ് എന്ന പോലീസുകാരനുമാണ്.

റെയ്ഡിന്റെ മിനിറ്റ്‌സ് തയ്യാറാക്കാതിരുന്നതും, പാര്‍ട്ടി ഓഫീസിലെ എതൊക്കെ മുറികളില്‍ കയറി എന്നതും രേഖപെടുത്തതിരുന്നതും, സ്വതന്ത്ര സാക്ഷികളുടെ സാനിധ്യം ഉറപ്പ് വരുത്താതിരുന്നതും നിയമ പ്രകാരം തെറ്റാണെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ അംഗവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ പളളിച്ചല്‍ പ്രമോദ് പറഞ്ഞു

റെയ്ഡ് പൂര്‍ത്തികരിച്ച് കഴിഞ്ഞാല്‍ സെര്‍ച്ച് മെമ്മോയില്‍ ഓഫീസ് ജീവനക്കാരെ കൊണ്ട് ഒപ്പ് വെപ്പിക്കേണ്ടതാണെന്ന് ക്രിമിനല്‍ നടപടി നിയമം പറയുന്നു. പരിശോധന പൂര്‍ത്തിയായതിന്റെ രേഖ തരാന്‍ എന്നാല്‍ നിയമ വിദ്യാര്‍ത്ഥി കൂടിയായ ഓഫീസ് ജീവനക്കാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈത്ര ധിക്കാരത്തോടെ വാഹനത്തില്‍ കയറി മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പോലീസ് നടപടി വിവാദത്തിലായതിന് പിന്നിലേ പരിശോധനാ സ്ഥലത്ത് വെച്ച് തയ്യാറാക്കേണ്ട സെര്‍ച്ച് ലിസ്റ്റും ,മെമ്മോയും പിന്നീട് സ്വന്തം ഓഫീസില്‍ വെച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാകുകയാണ്. തന്റെ എടുത്ത്ചാട്ടം ന്യായീകരിക്കാന്‍ കൃത്രിമമായി രേഖകള്‍ ചമച്ച ചൈത്ര തേരേസാ ജോണിനോട് കോടതിയും സര്‍ക്കാരും എന്ത് സമീപനമാവും എടുക്കുക എന്നത് ഇനിയങ്ങോട്ട് പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News