വടകര ലോക്‌സഭാ മണ്ഡലം തിരിച്ച് പിടിക്കാനുറച്ച് എല്‍ഡിഎഫ്

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം തിരിച്ച് പിടിക്കാനുറച്ച് എല്‍ഡിഎഫ്. അനുകൂല രാഷ്ട്രീയ സാഹചര്യം വിജയം ഉറപ്പിക്കുമെന്ന് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും എല്‍ഡിഎഫിന് അനുകൂലം. മുല്ലപ്പള്ളി പിന്മാറിയതോടെ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് യുഡിഎഫ്.

ഇടത് കോട്ടയെന്ന് വിശേഷണമുള്ള വടകര ലോക്‌സഭാ മണ്ഡലം, കഴിഞ്ഞ 2 തവണയും എല്‍ഡിഎഫിനെ കൈവിട്ടു. മുല്ലപ്പള്ളിയിലൂടെ വടകര പിടിച്ച യുഡിഎഫ് ഇത്തവണ വലിയ ആത്മാവിശ്വാസത്തിലല്ല തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ ഒന്നും ചെയ്യാന്‍ മുല്ലപ്പള്ളിക്കായില്ല എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ തന്നെ സജീവമാണ്. കെപിസിസി പ്രസിഡന്റ് ആയതിനാല്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളിക്ക്, മണ്ഡലം നിലനിര്‍ത്തിയില്ലെങ്കില്‍ വലിയ ക്ഷീണമാകും.

എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ എല്‍ഡിഎഫിനൊപ്പമെത്തിയത് ഇടതിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത ഇടത് വോട്ടുകള്‍ കൂടി സമാഹരിക്കാനായാല്‍ എല്‍ഡിഎഫ് വിജയം അനായാസമാകുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാലാ ചിരിത്ര വിഭാഗം മുന്‍ മേധാവി ഡോ. കെ ഗോപാലന്‍കുട്ടി പറഞ്ഞു

2009 ല്‍ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയില്‍ എത്തിയ മുല്ലപ്പള്ളി 2014 ല്‍ 3,306 വോട്ടിന്റെ വ്യാത്യാസത്തിലാണ് ജയിച്ചു കയറിയത്. മുല്ലപ്പള്ളിക്കെതിരായ വികാരം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പ്രകടമായിരുന്നു.

കൂത്തുപറമ്പ്, തലശ്ശേരി, വടകര, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, എന്നീ 7 അസംബ്ലി മണ്ഡലങ്ങളില്‍ കുറ്റ്യാടി മാത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഒപ്പം നിന്നത്. ആകെ 76,991 വോട്ടിന്റെ ലീഡ് എല്‍ ഡി എഫിന് ലഭിച്ചു.

കുറ്റ്യാടിയില്‍ യു ഡി എഫ് ജയിച്ചതാകട്ടെ 1157 വോട്ടിനും. വടകരയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബി ജെ പി വോട്ട് വര്‍ധിപ്പിക്കാനുള്ള ശ്രമമാവും ഇത്തവണയും നടത്തുക

2014 ലോക്‌സഭാ ഫലം

മുല്ലപ്പള്ളി രാമചന്ദ്രന്‍ (യുഡിഎഫ്) – 416,479
എഎന്‍ ഷംസീര്‍ (എല്‍ഡിഎഫ്) – 413,173
വികെ സജീവന്‍ (ബിജെപി) – 76,313

ഭൂരിപക്ഷം (യുഡിഎഫ്) – 3,306

2016 നിയമസഭ ഫലം

കൂത്തുപറമ്പ്- എല്‍ ഡി എഫ്
തലശ്ശേരി-എല്‍ ഡി എഫ്
വടകര-എല്‍ ഡി എഫ്
കൊയിലാണ്ടി-എല്‍ ഡി എഫ്
പേരാമ്പ്ര-എല്‍ ഡി എഫ്
നാദാപുരം- എല്‍ ഡി എഫ്
കുറ്റ്യാടി-യു ഡി എഫ്

2016 നിയമസഭാ ലീഡ്
എല്‍ഡിഎഫ് – 76,991

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here