അയോദ്ധ്യയില്‍ രാമജന്മഭൂമി ന്യാസിന് വിട്ടുകൊടുക്കല്‍; കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് നിര്‍മോഹി അഖാര

അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറമെയുള്ള ബാക്കി ഭൂമി രാമജന്മ ഭൂമി ന്യാസിനടക്കം വിട്ട് കൊടുക്കാന്‍ അനുമതി തേടിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നിര്‍മോഹി അഖാര. അയോദ്ധ്യയില്‍ രാമജന്മഭൂമി ന്യാസിന് ഒരു അവകാശവും ഇല്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് കേസിലെ മുഖ്യ കക്ഷികളില്‍ ഒന്നായ നിര്‍മോഹി അഖാരയുടെ വാദം.

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും നിര്‍മോഹി അഖാര അറിയിച്ചു. അയോധ്യ കേസിലെ മുഖ്യ കക്ഷികളില്‍ ഒന്നായ നിര്‍മോഹി അഖാര കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി തന്നെ രംഗത്തു വന്നിരിക്കുകയാണ്. 2010 സെപ്റ്റംബര്‍ 30ന് തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.

ഇതില്‍ ഒരു കക്ഷി നിര്‍മോഹി അഖാരയായിരുന്നു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമജന്മഭൂമിയാമെന്ന് അവകാശപ്പെട്ട് ആദ്യം രംഗത്ത് വന്നത് നിര്‍മോഹി അഖാരയായിരുന്നു. അതിനാല്‍ രാമക്ഷേത്രം പണിയാനുള്ള അവകാശവും തങ്ങള്‍ക്ക് മാത്രമാണെന്നും വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള രാമജന്മ ഭൂമി ന്യാസിന് ഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്നും നിര്‍മോഹി അഖാര മഹന്ദ് ദിനേന്ദ്ര ദാസ് പ്രതികരിച്ചു.

മിച്ചഭൂമി വിട്ട് നല്‍കാനുള്ള കേന്ദ്രത്തിന്റെ അനാവശ്യമണെന്നും, വിഷയം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ ആവശ്യം മത മൈത്രിയെ തകര്‍ക്കുന്നതാണെന്നും ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നും നിര്‍മോഹി അഖാര വ്യക്തമാക്കി.

കേന്ദ്രം ഇങ്ങനെയൊരു ഹര്‍ജി ഫയല്‍ ചെയ്തതോടെ അയോധ്യ ഭൂമി തര്‍ക്ക കേസ് കൂടുതല്‍ വൈകുക മാത്രമേ ചെയ്യുവെന്ന് ദിനേന്ദ്ര ദാസ് കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രത്തിന്റെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് മറ്റൊരു കക്ഷിയായ ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. പള്ളി നിലനിന്ന് ഭൂമിയില്‍ മാത്രമേ തങ്ങള്‍ക്ക് അവകാശവാദമുള്ളു.

അതിന് പുറത്തുള്ള ഭൂമിയില്‍ കേന്ദ്രത്തിന് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത തര്‍ക്കത്തിലില്ലാത്ത 67.39 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here