നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വന്‍തൊഴില്‍ നഷ്ടം; റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതില്‍ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ അംഗങ്ങള്‍ രാജിവെച്ചു

ദില്ലി: ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അവസാനിക്കുന്നില്ല.

നോട്ട് നിരോധനം നടപ്പാക്കിയതിനുശേഷമുള്ള തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവെച്ചെന്ന് ദേശീയ മാധ്യമങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു.

ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി മോഹനന്‍, ജെ വി മീനാക്ഷി എന്നിവര്‍ ജോലിയില്‍ നിന്ന് രാജിവെച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തിയാണ് ഇരുവരും രാജിവെച്ചത്. രാജിവെച്ച പി സി മോഹനന്‍ കമ്മീഷന്റെ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നോട്ടു നിരോധനത്തിന് ശേഷം 2017-2018 കാലഘട്ടത്തില്‍ ഭീമമായ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ഇത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ബാധിക്കുമെന്ന ഭയം കേന്ദ്ര സര്‍ക്കാറിനുള്ളിലുണ്ട്.റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുകയാണ് സാധാരണ പതിവ്്.

എന്നാല്‍ തങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി രണ്ടുമാസമായിട്ടും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കമ്മീഷനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും പി സി മോഹനന്‍ പറഞ്ഞു.

2017 ല്‍ അംഗങ്ങളായ പി സി മോഹനനും ജെ വി മീനാക്ഷിയ്ക്കും 2020 വരെയാണ് കാലാവധി. എന്നാല്‍ തൊഴില്‍ സര്‍വ്വേ ഡാറ്റ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിഗണിച്ചു വരുന്നതേയുള്ളുവെന്നും കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും പരിഗണിക്കാറുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

ജിഡിപി വിവരങ്ങള്‍ പുറത്തു വിട്ടത് കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണെന്നും കേന്ദ്രം ന്യായീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News