കേരളത്തോടുള്ള കേന്ദ്രഅവഗണന തുടരുന്നു; പ്രകൃതി ദുരന്തം പ്രതിസന്ധിയിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല; യുപിയും മഹാരാഷ്ട്രയുമടക്കം എഴ് സംസ്ഥാനങ്ങള്‍ക്ക് 7,000 കോടി

ദില്ലി: പ്രളയാനന്തര കേരളത്തോടുള്ള അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു.

കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ നിന്ന് കേരളത്തെ തഴഞ്ഞു. കേരളത്തിന് പകരം യുപിയും മഹാരാഷ്ട്രയുമടക്കമുള്ള എഴ് സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

2018-19 കാലയളവില്‍ പ്രകൃതി ദുരന്തം പ്രതിസന്ധിയിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പട്ടികയില്‍ ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ ഏഴു സംസ്ഥാനങ്ങളാണുള്ളത്. ആകെ 7,214.03 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ പ്രളയം നേരിട്ട കേരളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ കേന്ദ്ര വിഹിതം ലഭിച്ചിരിക്കുന്നത്. 4,714.28 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക.

കര്‍ണാടകയ്ക്ക് 949.49 കോടി രൂപയും യുപിയ്ക്ക് 191.73 കോടി രൂപയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് 13.09 കോടിയും ആന്ധ്രയ്ക്ക് 900.40 കോടിയും ഹിമാചലിന് 317.44 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഗജാ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട ആന്ധ്രപ്രദേശിന് സഹായം നല്‍കാന്‍ തീരുമാനിച്ച കേന്ദ്രം തമിഴ്നാടിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കേന്ദ്രത്തിന്റെ നീക്കം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുളള തീരുമാനം എടുത്തത്.

പ്രളയശേഷം കേരളം ആവശ്യപ്പെട്ട തുക തരാന്‍ തയ്യാറാക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തടയുകയും ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായം സ്വീകരിക്കാനായി കേരളത്തിലെ മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇപ്പോള്‍ കേരളത്തെ ഒഴിവാക്കി ഏഴ് സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News