ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം പുറത്ത്

കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം പുറത്ത് .ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന്‍ 2-1 നു കേരളത്തെ പരാജയപ്പെടുത്തി. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കേരളത്തിന് വേണ്ടി രേവതി ഐ നായര്‍ ആശ്വാസ ഗോള്‍ നേടി.അസമിന് വേണ്ടി മില്‍ഖ സുറിന്‍,മാര്‍ട്ടീന ജാരിയ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോളുകള്‍ നേടിയിരുന്നില്ല. ആക്രമണം നടത്തുമ്പോഴും പ്രതിരോധം തീര്‍ക്കാന്‍ ഇരു ടീമുകളും ശ്രദ്ധിച്ചു.പല ഷോട്ടുകളും ഇരു ടീമുകളും പായിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെയും ഡിഫന്‍ഡര്‍മാരുടെയും പ്രതിരോധം ഗോളുകള്‍ നേടുന്നതിന് തടസമായി.

ആദ്യ പകുതി പിന്നിട്ടതിനു ശേഷം അസമിന്റെ ആക്രമണനിരയുടെ മൂര്‍ച്ച കൂടുന്നതാണ് കണ്ടത്. മുപ്പത്തി മൂന്നാം മിനിറ്റില്‍ മില്‍ഖ സുരിന്‍ അസമിനു വേണ്ടി ആദ്യ ഗോള്‍ നേടി.ഇതോടെ കേരളം മത്സരത്തില്‍ നിന്ന് കുറച്ചു പിറകോട്ട് പോയി.ഈ അവസരം മുതലാക്കി മുപ്പത്തി അഞ്ചാം മിനിറ്റില്‍ മാര്‍ട്ടീന ജാരിയ അസമിന് വേണ്ടി രണ്ടാം ഗോള്‍ നേടി. കേരളത്തിനു ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ സോജാ ജയപ്രകാശ് ഗോളാക്കിയെങ്കിലും റഫറി ഫൗള്‍ വിധിക്കുകയായിരുന്നു.ഇതാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്.

തുടര്‍ന്ന് പ്രതിരോധത്തില്‍ ആയിരുന്ന കേരള ടീം പലപ്പോഴും ഷോട്ടുകള്‍ പായിച്ചു പ്രതീക്ഷ നല്‍കിയെങ്കിലും അത് ഗോളാക്കി മാറ്റിയത് 55 മിനിറ്റില്‍ രേവതി ഐ നായരായിരുന്നു. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ കേരളം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അസമിന്റെ ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here