ചന്ദാ കൊച്ചാര്‍ തിരികെ നല്‍കേണ്ടത് 350 കോടിയിലേറെ രൂപ; ഐസിഐസിഐ ബാങ്ക് മുന്‍ മേധാവിയെ ശിക്ഷിച്ചത് ഇങ്ങനെ

ഐ സി ഐ സി ഐ ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ പുറത്താക്കിയതോടെ മുൻ മേധാവി ചന്ദ കൊച്ചാര്‍ ബാങ്കില്‍ നിന്ന് കൈപ്പറ്റിയ ആനുകൂല്യങ്ങളെല്ലാം തിരികെ നല്‍കേണ്ടിവരും. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനിലൂടെ ലഭിച്ച 343 കോടിരൂപയൂം 2010 മുതല്‍ ബോണസിനത്തില്‍ ലഭിച്ച 10.12 കോടി രൂപയുമാണ് ചന്ദ തിരികെ നല്‍കേണ്ടി വരിക. ഇതിന് പുറമെ കുടിശികയായിട്ടുള്ള ആനുകൂല്യങ്ങളൊന്നും ഇനി ലഭിക്കില്ല.

വീഡിയോകോണിന് 3250 കോടി രൂപയുടെ അനധികൃത വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് കൊച്ചാർ ഒക്ടോബറിൽ രാജിവെച്ചിരുന്നു.

രാജി പുറത്താക്കലായി കണക്കാക്കുമെന്ന് ബാങ്കിന്‍റെ വാര്‍ത്താക്കുറിപ്പ്. വീഡിയോകോണ്‍ വിവാദമുണ്ടായപ്പോള്‍ ചന്ദാ കൊച്ചാറിനെ ന്യായീകരിച്ച നിലപാട് തിരുത്തിയാണ് ബാങ്കിന്‍റെ പുതിയ നടപടി. ബാങ്കിന്‍റെ ആഭ്യന്തരനയങ്ങളും പെരുമാറ്റച്ചട്ടവും ലംഘിച്ചതായി റിട്ട. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ ആഭ്യന്തര അന്വേഷണസമിതി
കണ്ടെത്തിയതിനെത്തുടർന്നാണിത്.

ബാങ്ക് മേധാവി എന്ന നിലയില്‍ ചന്ദാ കൊച്ചാര്‍ കൈപ്പറ്റിയ ഇൻക്രിമെന്‍റുകളും ബോണസും ആരോഗ്യസഹായങ്ങളുമടക്കം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കിയതായും ബാങ്ക് അറിയിച്ചു. സി ഇ ഒ ആയി ചുമതലയേറ്റ 2009 ഏപ്രിൽമുതൽ 2018 മാർച്ചുവരെ കൈപ്പറ്റിയ ബോണസ് കൊച്ചാർ തിരിച്ചുനൽകണമെന്ന് പുറത്താക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിന്‍റെ ആഭ്യന്തര നയങ്ങള്‍ ലംഘിച്ച ചന്ദയുടെ സമീപനത്തിലൂടെ ബാങ്കിന്‍റെ പ്രവർത്തനങ്ങൾ നിഷ്ഫലമായെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോർട്ടിൽ പറയുന്നു. കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം കൊച്ചാറിന്‍റെ ജാഗ്രതക്കുറവാണെന്നും കമ്മീഷന്‍ കണ്ടെത്തി.

വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി ബി ഐ. രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് 56-കാരിയായ കൊച്ചാർ. ബാങ്ക് മേധാവിയായിരിക്കെ, വീഡിയോകോണിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതിലൂടെ കൊച്ചാർ സ്വകാര്യലാഭമുണ്ടാക്കിയതായി സി ബി ഐ. കണ്ടെത്തിയിരുന്നു.

കൊച്ചാർ അംഗമായ സമിതി വായ്പ അനുവദിച്ചതോടെ പ്രതിഫലമായി ഭർത്താവ് ദീപക് കൊച്ചാറിന്‍റെ നുപവർ റെന്യൂവബിൾസ് കമ്പനിയിൽ വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് കോടികളുടെ നിക്ഷേപം
നടത്തിയതായും സി ബി ഐ. ആരോപിച്ചിക്കുന്നു. കടബാധ്യതയിൽപെട്ട വീഡിയോകോണാകട്ടെ വായ്പയുടെ 84 ശതമാനവും (2,810 കോടി രൂപ) തിരിച്ചടച്ചിട്ടുമില്ല.

1984-ൽ മാനേജ്മെന്‍റ് ട്രെയിനിയായി ഐ സി ഐ സി ഐ ബാങ്കിലെത്തിയ ചന്ദാ കൊച്ചാര്‍ 2009ലാണ് സി ഇ ഒ പദവിയിലെത്തിയത്. ബാങ്കിന്‍റെ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ചന്ദാ കൊച്ചാര്‍ പറഞ്ഞു. വീഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനം ഏകപക്ഷീയമായി താനെടുത്തതല്ലെന്നും ബോര്‍ഡിന്‍റേതായിരുന്നുവെന്നും കൊച്ചാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News