ദില്ലി: നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക് രേഖപ്പെടുത്തി രാജ്യം.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയര്‍ന്നുവെന്ന് ദേശിയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ റിപ്പോര്‍ട്ട്.

നരേന്ദ്രമോദി നോട്ട് നിരോധിച്ച 2016 ന് ശേഷമുള്ള ആദ്യ പൂര്‍ണ്ണ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ആശങ്കയുളവാക്കുന്ന വിവരമുള്ളത്. 1972-73 വര്‍ഷത്തിന് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് തൊഴില്‍ ഇല്ലായ്മ നിരക്ക് 2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തി.

2017-18 സാമ്പത്തിക വര്‍ഷം 6.1 ശതമാനമാണ് തൊഴില്‍ ഇല്ലായ്മ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലമായ 2011-2012ല്‍ 2.2 ശതമാനമായിരുന്ന നിരക്കാണ് എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് 6.1ലെത്തിയത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങള്‍ തൊഴില്‍ ഇല്ലായ്മയുടെ ദുരിതം ഏറെ അനുഭവിക്കുന്നു.

ദേശിയ ശരാശരിയെക്കാല്‍ നഗരങ്ങളിലെ തൊഴില്‍ നഷ്ട നിരക്ക് ഉയര്‍ന്ന് 7.8 ആയി. ഗ്രാമീണ മേഖലകളില്‍ 5.3 ശതമാനവും തൊഴില്‍ നഷ്ടം ഉണ്ടായി. ദേശിയ സാമ്പിള്‍ സര്‍വ്വേയ്ക്ക് കീഴിലെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.

വിദ്യാസമ്പന്നരാണങ്കിലും തൊഴില്‍ ലഭിക്കാത്ത യുവതികളുടെ ശതമാനവും റൂറല്‍ മേഖലയില്‍ 17.3 ശതമാനം.തൊഴില്‍ ലഭിക്കാത്ത പുരുഷന്‍മാരുടെ കണക്ക് 10.5 ശതമാനമായും ഉയര്‍ന്നു.

2004 മുതല്‍ 12 വരെ പുരുഷന്‍മാര്‍ക്കിടയില്‍ വെറും 4.4 ശതമാനം മാത്രമായിരുന്ന തൊഴില്‍ ഇല്ലായ്മയാണ് ഇരട്ടിയായത്. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതും തൊഴിലാളികളുടെ എണ്ണം വെട്ടികുറച്ചതുമാണ് ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ ഇല്ലായ്മ ഇത്രയേറെ രൂക്ഷമാക്കിയത്.

ദേശിയ സര്‍വ്വേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വെട്ടിലാക്കിയതോടെ റിപ്പോര്‍ട്ട് തന്നെ പ്രസിദ്ദീകരിക്കാതെ പൂഴ്ത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവരങ്ങള്‍ പുറത്ത് വരുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച കമ്മീഷനിലെ ആക്ടിങ്ങ് ചെയര്‍മാന്‍ അടക്കം രണ്ട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. വര്‍ഷം തോറും രണ്ട് കോടി തൊഴില്‍ എന്ന മോദിയുടെ വാഗ്ദാനം പ്രഹസനമായെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.