ഘടകകക്ഷികളുടെ ആവശ്യം ഔചിത്യമില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതും: വിഎം സുധീരന്‍

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിക്ക് ഒരു പുത്തൻ ഉണർവും വൻ ആവേശവും നൽകിയിരിക്കുകയാണ്.

ഇത് യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിരിക്കുന്നു. ഇതെല്ലാം ഇടതുമുന്നണി-ബിജെപി നേതൃത്വങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണെന്ന് അവരുടെയെല്ലാം പ്രതികരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്.

ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ജനാധിപത്യ-മതേതര മുന്നേറ്റം വിജയിച്ച് അധികാരത്തിൽ വരുന്നത് കാത്തിരിക്കുന്ന ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയിൽ ലോക്സഭാ സീറ്റുകളെ സംബന്ധിച്ച് പരസ്യമായ വിലപേശലുകൾ ഈ സമയത്ത് ഉയർന്നുവരുന്നത് ഉചിതമല്ല.

തെരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ തങ്ങളുടെ ആവശ്യങ്ങളും അവകാശ വാദങ്ങളും ഒക്കെ അതാത് തലങ്ങളിൽ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഘടകക്ഷികൾക്ക് ഉണ്ടെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്.

എന്നാൽ അതൊക്കെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാകരുത്.

തീർത്തും അർഹമായ രാജ്യസഭാസീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങൾക്കും ഉണ്ടായ കടുത്ത വേദനയിൽ നിന്നും വിഷമത്തിൽ നിന്നും അവരൊക്കെ ഇന്നും മോചിതരായിട്ടില്ല.

ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എൻറെ അഭ്യർത്ഥന.

അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിൻ്റെ ശോഭ കെടുത്തുന്ന നടപടികൾ ഒരു തരത്തിലും വരാതിരിക്കട്ടെ എന്നാണ് യുഡിഎഫിനെ സ്നേഹിക്കുകയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യം അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സർവ്വരുടെയും പ്രാർത്ഥനയും പ്രത്യാശയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News