യുവനടിയെ ആക്രമിച്ച കേസ്; വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കവെ  ഹൈക്കോടതി രജിസ്ട്രിക്കാണ് ജസ്റ്റിസ് രാജാവിജയരാഘവന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത് .

കേസ് വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലും സമീപ പ്രദേശങ്ങളിലും വനിതാ ജഡ്ജിമാരുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച കോടതി രജിസ്ട്രിയോട് ചോദിച്ചിരുന്നു. എറണാകുളം തൃശൂര്‍ ജില്ലകളിലായി മൂന്ന് വനിതാ ജഡ്ജിമാരുണ്ടെന്നും എന്നാല്‍ അവരെ ഈ ചുമതല കൂടി ഏല്‍പിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കോടതിയെ അറിയിച്ചു .

എറണാകുളം ജില്ലയിലെ പ്രത്യേക സിബിഐ കോടതിയില്‍ വനിതാ ജഡ്ജിയുണ്ട് പക്ഷെ, അവര്‍ സിബിഐ കേസുകള്‍ മാത്രമേ കേള്‍ക്കാനാവൂ എന്നാണ് വ്യവസ്ഥ. 33 കേസുകളാണ് നിലവില്‍ അവര്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നത്.

തൃശൂര്‍ ജില്ലയില്‍ രണ്ടു വനിതാ ജഡ്ജിമാരുണ്ട്. തൃശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയും വനിതകളാണ്. പക്ഷെ, അവര്‍ക്ക് ഈ കേസുകള്‍ കേള്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് പാലക്കാട് ജില്ലയില്‍ കേസ് കേള്‍ക്കാന്‍ കഴിയുന്ന വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ റജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News