പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്; കശുവണ്ടി മേഖലയ്ക്ക് മാത്രം 87 കോടി രൂപ

ജില്ലയുടെ നട്ടെല്ലായ പരമ്പരാഗത വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന ബജറ്റിൽ കശുവണ്ടി മേഖലയ‌്ക്കു മാത്രം 87 കോടി രൂപയുടെ പദ്ധതി. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ 250 കോടി രൂപയുടെ വായ്പ സഹകരണബാങ്കുകളിൽനിന്ന് ലഭ്യമാക്കുമെന്നും സംസ്ഥാന ബജറ്റ് ഉറപ്പു നൽകി.

ഒരു വർഷത്തേക്ക‌് വായ്പകളുടെ പലിശ സർക്കാർ ഏറ്റെടുക്കുന്നതിന് 25 കോടിയും കാഷ്യൂ ബോർഡിന് 30 കോടിയും കശുവണ്ടി വികസന കോർപറേഷനും കാപ്പക്‌സും ആധുനീകരിക്കുന്നതിനായി 19 കോടിയും കശുവണ്ടി കൃഷി വികസനത്തിന് ഒമ്പതു കോടി രൂപയുമാണ് നീക്കിവച്ചത്.

കശുവണ്ടി മേഖലയിലെ ഭൂരിപക്ഷം നഷ്ടംമൂലം കടക്കെണിയിലായി തകർച്ചയും ജപ്തിയും നേരിടുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകമാകുന്നതാണ് ബജറ്റ് പ്രഖ്യാപനം.

പൂട്ടിക്കിടക്കുന്ന സ്വകാര്യഫാക്ടറികൾ തുറപ്പിക്കുന്നതിന് സർക്കാർ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ കടബാധ്യതകൾ റീ സ്ട്രക്ചർ ചെയ്യും. റിസർവ് ബാങ്കും വാണിജ്യബാങ്കുകളും ഇതിന് അനുകൂലമല്ല.

എന്നാൽ, ഇന്നത്തെ സ്ഥിതിയിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കലല്ല, റീസ്ട്രക്ചറിങ‌് ആണ് വേണ്ടതെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി തോമസ് ഐസക് പറഞ്ഞു.

ന്യായമായ വിലയ്ക്ക് തോട്ടണ്ടി ലഭിക്കുന്നില്ലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാനും ബജറ്റിൽ പദ്ധതിയുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിക്കാരിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ നേരിട്ട‌് കശുവണ്ടി വാങ്ങുന്നതിന് രൂപീകരിച്ച കാഷ്യൂ ബോർഡിന് വേണ്ടത്ര പ്രവർത്തനമൂലധനമില്ലാത്തത‌് പ്രതിബന്ധമാകുന്നു. ഇതിനു പരിഹാരമായാണ് 30 കോടി രൂപ വകയിരുത്തുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രമല്ല സ്വകാര്യമേഖലയ്ക്കും ഈ സീസണിൽ ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കുന്നതിന് കാഷ്യൂ ബോർഡിനു കഴിയണമെന്നും ഇതിനായി സർക്കാർ ഗ്യാരണ്ടിയിൽ 250 കോടി രൂപയുടെ വായ്പ സഹകരണബാങ്കുകളിൽനിന്ന് കാഷ്യൂ ബോർഡിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്‌ക്രൂ അക്കൗണ്ട് പ്രകാരം തോട്ടണ്ടിയെടുക്കാൻ തയ്യാറുള്ള സ്ഥാപനങ്ങൾക്കേ തോട്ടണ്ടി ക്രെഡിറ്റിൽ ലഭ്യമാക്കൂ. കാഷ്യൂ ബോർഡിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ഈ നിബന്ധന കർശനമായി പാലിക്കണം.

ഇതോടൊപ്പം കശുവണ്ടി വികസന കോർപറേഷനും കാപ്പക്‌സും ആധുനീകരിക്കുന്നതിനും ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുമായി 19 കോടി രൂപ വകയിരുത്തി.

കേരളത്തിലെ ആഭ്യന്തര കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ആർകെവിവൈ ഫണ്ട് അടക്കം എട്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News