ലക്ക് തെറ്റി മോദിയും രാഹുലും

വോട്ട് തട്ടാനുള്ള ബഡായിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മത്സരത്തിലാണെന്ന് അവരുടെ കേരളത്തിലെ പ്രസംഗങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പത്ത് ദിവസത്തിനിടയില്‍ രണ്ടുവട്ടമാണ് മോഡി കേരളത്തില്‍ എത്തി എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ കടന്നാക്രമണം നടത്തിയത്.

ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിന്റെ സാന്നിധ്യവും ഈ പ്രസ്ഥാനം ഉയര്‍ത്തുന്ന അചഞ്ചലമായ പ്രത്യയശാസ്ത്ര നിലപാടും മതനിരപേക്ഷ കാഴ്ചപ്പാടും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കുന്നതിന് വലിയ വിലങ്ങുതടിയാണ്.

അതിനാലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ലമെന്റിലെ പങ്കാളിത്തം കുറയ്ക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ദേശീയ തലത്തില്‍ത്തന്നെ ആര്‍എസ്എസ് ബിജെപി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. ഈ യജ്ഞത്തിന്റെ ഭാഗമായാണ് മോഡി അടിക്കടി കേരളത്തില്‍ വരുന്നത്.

മോഡിയുടെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇന്ധനം പകരുകയായിരുന്നു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ കൊച്ചിപ്രസംഗത്തിന് പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുതന്നെ ‘മോഡിക്കും പിണറായിക്കും എതിരെ ആഞ്ഞടിച്ച് രാഹുല്‍’ എന്നാണ്.

മോഡിയോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ തന്നെയാണ് പിണറായിയോടും ഉള്ളതെന്നുപറഞ്ഞാണ് രാഹുല്‍ പ്രസംഗിച്ചത്.

ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാന്‍ നില്‍ക്കുന്ന മോഡിയെയും ജനാധിപത്യവും മാനവികതയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പോരാടുന്ന പിണറായി വിജയനെയും ഒരുപോലെ കാണുന്ന രാഹുലിന് കാഴ്ചവൈകല്യമുണ്ട്. ഇതിലൂടെ, രാജ്യം നേരിടുന്ന സംഘപരിവാര്‍ വിപത്തിനെ വെള്ളപൂശുകയോ ലഘൂകരിക്കുകയോ ആണ് അദ്ദേഹം ചെയ്തത്.

ഇരുസര്‍ക്കാരുകളും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന രാഹുലിന്റെ വിലയിരുത്തലും അബദ്ധജടിലമാണ്. മതനിരപേക്ഷതയ്ക്കുവേണ്ടി അടിയുറച്ച ഭരണനടപടികള്‍ സ്വീകരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുന്ന ബിജെപി സര്‍ക്കാരിനെയും എങ്ങനെ ഒരേതട്ടില്‍ തൂക്കാനാകും.

ഹിന്ദുത്വവാദവും മൃദുഹിന്ദുത്വവാദവും

ഗോമാതാവിന്റെപേരില്‍ 56ല്‍ അധികം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ മോഡി ഭരണത്തില്‍ നടന്നു. ഇതില്‍ ഒന്നുപോലും കേരളത്തില്‍ സംഭവിച്ചില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ 1600 ‘ഏറ്റുമുട്ടലുകള്‍’ പൊലീസ് നടത്തുകയും അതില്‍ 49 പേര്‍ കൊല്ലപ്പെടുകയും 370 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിഗുരുതരമാണ് ഈ ഏറ്റുമുട്ടല്‍ കൊലകളെന്ന് അഭിപ്രായപ്പെട്ട്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേതൃത്വം നല്‍കിയ സുപ്രീം കോടതി ബെഞ്ച് യുപി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

യുപിയിലെ നാല് ജില്ലകളില്‍ കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലകളില്‍ കൊല്ലപ്പെട്ട 14ല്‍ 13 പേരും മുസ്ലിങ്ങളാണെന്ന് ‘ദ വയര്‍’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്രകാരമുള്ള യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പോലെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ‘മാതൃകാ ഹിന്ദുത്വ’ സര്‍ക്കാര്‍ ആകാത്തതിന്റെ അസഹിഷ്ണുതയാണ് മോഡിക്കുള്ളത്. അതിന്റെ പ്രകോപനങ്ങളാണ് മോഡിയുടെ കേരള സര്‍ക്കാരിന് എതിരെയുള്ള വായ്ത്താരികള്‍.

മോഡിയുടെ ഇത്തരം ആക്ഷേപങ്ങളെ തള്ളിപ്പറയാനുള്ള ആര്‍ജവമായിരുന്നു രാഹുല്‍ പ്രകടിപ്പിക്കേണ്ടിയിരുന്നത്. അതിനുപകരം മോഡിയുടെ ആക്ഷേപങ്ങള്‍ക്ക് എണ്ണ പകര്‍ന്നതിലൂടെ താനൊരു മൃദു ഹിന്ദുത്വവാദിയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്നും വിദ്യാഭ്യാസത്തിന് സ്‌കൂളോ ആരോഗ്യ സംരക്ഷണത്തിന് ആശുപത്രികളോ ഇവിടെ ഉണ്ടോയെന്നുമുള്ള രാഹുലിന്റെ കൊച്ചിയിലെ ചോദ്യത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിദേശരാജ്യത്ത് എങ്ങാനും കഴിയുന്ന ആളാണോ എന്ന ചോദ്യം ക്ഷണിച്ചുവരുത്തുകയാണ്.

നിപാ വൈറസ് കോഴിക്കോട്ട് ഉണ്ടായപ്പോള്‍ അതിന്റെ വ്യാപനത്തെ ഫലപ്രദമായി തടഞ്ഞ ആരോഗ്യവകുപ്പിനെയും ഇവിടത്തെ സര്‍ക്കാര്‍ ആതുരാലയങ്ങളെയും ഐക്യരാഷ്ട്രസഭയുടെ സമിതികള്‍പോലും പ്രശംസിച്ചു. ആര്‍ദ്രം പദ്ധതിയിലൂടെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.

ഇതുവഴി ഈ സ്ഥാപനങ്ങളില്‍ വൈകുന്നേരംവരെ ഡോക്ടര്‍മാര്‍, ഫാര്‍മസി, ലബോറട്ടറി സംവിധാനവും ഉണ്ടാകും. ഇനി 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള നടപടിയിലാണ് സര്‍ക്കാര്‍.

നമ്മുടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പല ഡിപ്പാര്‍ട്ട്‌മെന്റുകളും അന്താരാഷ്ട്രനിലവാരത്തിലേക്ക് വരികയാണ്. ഇതൊന്നും മനസ്സിലാക്കാതെ കേരളത്തിലെ ആരോഗ്യരംഗത്തിന് എതിരെ ചോദ്യം ഉയര്‍ത്തി സ്വയം പരിഹാസ്യനായിരിക്കുകയാണ് രാഹുല്‍.

പൊതുവിദ്യാഭ്യാസ മേഖലയില്‍ ആകട്ടെ വലിയ മാറ്റമാണ് എല്‍ഡിഎഫിന്റെ 1000 ദിവസത്തെ ഭരണത്തില്‍ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക എന്നതായിരുന്നു യുഡിഎഫ് ഭരണനയം.

അന്ന് അടച്ചുപൂട്ടിയ നാല് പൊതു വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിച്ചു ഈ സര്‍ക്കാര്‍. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്ന പ്രവണതയ്ക്ക് വിരാമമിട്ടു. പൊതുവിദ്യാലയങ്ങളില്‍ രണ്ടരലക്ഷം പേര്‍ അധികമായി പ്രവേശനം നേടി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകാന്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. 4752 വിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നു.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നിര്‍ദേശിച്ച 5 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വിദ്യാഭ്യാസരംഗത്തെ മികവിന് കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമായി നിതി ആയോഗ് തെരഞ്ഞെടുത്തു.

വിദ്യാഭ്യാസആരോഗ്യരംഗങ്ങളില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. എന്നിട്ട് ഇവിടെ എവിടെയാണ് സ്‌കൂളും കോളേജും എന്ന ചോദ്യത്തിലൂടെ രാഹുല്‍ തന്റെ രാഷ്ട്രീയനിരക്ഷരത പ്രകടിപ്പിച്ചിരിക്കുകയാണ്. കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയ മോഡിയുടെ നാവ് രാഹുല്‍ കടം കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണമുള്ള കേരളത്തെ അധിക്ഷേപിക്കാന്‍ മോഡിക്ക് സഹായിയായി രാഹുല്‍ തരം താഴ്ന്നിരിക്കുകയാണ്.

മഹാപ്രളയം നേരിടുന്നതിലും ജനങ്ങളെയും നാടിനെയും രക്ഷിക്കുന്നതിലും ലോകത്തിനുതന്നെ മാതൃകയായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. അതിനെല്ലാംമുന്നില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മോഡിയും രാഹുലും.

വോട്ട് തട്ടാനുള്ള കുടിലതന്ത്രം

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ രാജ്യത്തെ ദരിദ്രര്‍ക്കെല്ലാം മിനിമം വേതനം ഉറപ്പാക്കുമെന്നും വിശപ്പ് ഇല്ലാതാക്കുമെന്നും രാഹുലിന്റെ വാഗ്ദാനം വന്നു. വോട്ടെടുപ്പുകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഗതികിട്ടാപ്രേതങ്ങളായി അലയുകയാണ്.

ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നല്‍കുന്നതില്‍ ഇന്ദിര ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പുറകിലായിരുന്നില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതില്‍ മോഡിയും രാഹുലും കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവേസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിയില്‍ അന്താരാഷ്ട്ര സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ട് രാഹുലിന്റെയും മോഡിയുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായതാണ്.

ഇന്ത്യയില്‍ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിന് ഒരു വര്‍ഷം ഉണ്ടായത് 39 ശതമാനം വര്‍ധനയാണ്. 2018ല്‍ മാത്രം 18 മഹാകോടീശ്വരന്മാര്‍ ഒരു ദിവസം സമ്പാദിച്ചത് ശരാശരി 2200 കോടി രൂപയാണ്. കോടീശ്വരപ്രമാണിയായ റിലയന്‍സ് മുതലാളി മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 2.8 ലക്ഷം കോടി രൂപയാണ്.

രാജ്യത്തിന്റെ സമ്പത്തിന്റെ 77 ശതമാനം, ജനസംഖ്യയുടെ 10 ശതമാനം വരുന്ന സമ്പന്നരുടെ പക്കലാണ്. സമ്പത്തിന്റെ 23 ശതമാനം മാത്രമാണ് 90 ശതമാനം ജനങ്ങളുടേത്. ദാരിദ്ര്യവും ദുരിതവും പങ്കുവയ്ക്കുന്നവരാണവര്‍. ദരിദ്രരെ പരമദരിദ്രരും കോടീശ്വരന്മാരെ മഹാകോടീശ്വരന്മാരും ആക്കുന്നതില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഒന്നാണ്.

ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്നതിന് ഇടതുപക്ഷം നിര്‍ണായക പങ്ക് വഹിക്കുകയും ഒന്നാം യുപിഎ ഭരണത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കുകയും ചെയ്തു. അന്ന് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.

അത്തരം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ടാകണം. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടികളും ഒന്നാണെന്ന പ്രധാനമന്ത്രിയുടെ തൃശൂര്‍ പ്രസംഗം മറ്റൊരു അബദ്ധപ്പഞ്ചാംഗമാണ്.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്ബിജെപി ഭരണങ്ങള്‍ തുല്യമാണെന്നാണ് റഫേല്‍ അഴിമതി വിളിച്ച് അറിയിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ അഴിമതിവാഴ്ചയില്‍നിന്ന് മുതലെടുത്താണ് ബിജെപി ഭരണം നേടിയത്.

ഇന്ത്യയിലെ കള്ളപ്പണക്കാര്‍ വിദേശത്ത് നിക്ഷേപിച്ച ലക്ഷം കോടികള്‍ തിരിച്ചുകൊണ്ടുവന്ന് ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് ബിജെപി വലിയ വായില്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, അതുചെയ്തില്ല എന്നുമാത്രമല്ല മോഡി ഭരണം കള്ളപ്പണക്കാര്‍ക്ക് സ്വര്‍ഗം സൃഷ്ടിക്കുകയും ചെയ്തു.

ശബരിമല സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതിവിധിയുടെ വിഷയത്തില്‍ മോഡിയും രാഹുലും ഇവിടെവന്ന് നടത്തുന്ന ഒളിച്ചുകളിക്കും കേരളം സാക്ഷ്യം വഹിച്ചു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പ്രകടിപ്പിച്ചിട്ടുള്ളത്. വിധി ചരിത്രപരമാണെന്നും സ്ത്രീകളുടെ തുല്യതാവകാശം സംരക്ഷിക്കുന്നതാണെന്നും രാഹുല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എഐസിസി അതിനിണങ്ങുന്ന പ്രതികരണവും നടത്തി. ഇതിനെല്ലാം വിരുദ്ധമായാണ്, കോടതിവിധി നടപ്പാക്കാനുള്ള നിയമപരമായ ബാധ്യത നിറവേറ്റുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതിലൂടെ ഇരുവരും ചെയ്യുന്നത്. യുവതീപ്രവേശനത്തിനുള്ള സുപ്രീംകോടതിവിധി നടപ്പാക്കേണ്ട എന്നാണെങ്കില്‍ അത് തുറന്നുപറയാന്‍ മോഡിയും രാഹുലും എന്തിന് മടിക്കണം.

സാമൂഹ്യനീതിക്കും ലിംഗ സമത്വത്തിനുംവേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫും നിലകൊള്ളുന്നത്. കോടതിവിധി മാനിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിച്ച് അയ്യപ്പന്റെപേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള കുടിലതന്ത്രത്തിലാണ് മോഡിയും രാഹുലും.

ശബരിമലവിഷയവുമായി ബന്ധപ്പെടുത്തിയാണെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന മോഡിയുടെ ആക്ഷേപം തിരിഞ്ഞുകുത്തുന്നതാണ്. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ പൈതൃകമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നത്.

അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറാണ്. അവര്‍ക്ക് കൂട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. ഇതെല്ലാം തിരിച്ചറിയാനുള്ള കണ്ണ് കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News