നാഗേശ്വര്‍ റാവുവിനെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരെയുളള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: എം. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരെയുളള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ പുതിയ ബെഞ്ച് പരിഗണിക്കും.

മൂന്ന് ബെഞ്ചുകളില്‍ ഹര്‍ജി ഇതുവരെ പരിഗണനയ്ക്കെത്തിയിരുന്നെങ്കിലും എല്ലാ ജസ്റ്റിസുമാരും പല കാരണങ്ങള്‍ ചൂണ്ടികാണിച്ച് ഹര്‍ജി പരിഗണിക്കാതെ ഒഴിഞ്ഞിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.

എം നാഗേശ്വര്‍ റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ സന്നദ്ധ സംഘടനയായ കോമണ്‍കോസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഇതുവരെ മൂന്ന് ബെഞ്ചുകളാണ് പിന്മാറിയിരുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും ജസ്റ്റിസ് എകെ സിക്രിയും ജസ്റ്റിസ് എന്‍വി രമണയുമാണ് നേരത്തെ പിന്മാറിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നാലാമത്തെ ബെഞ്ചായ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരുടെ മുമ്പിലെത്തുന്നത്. പുതിയ സിബിഐ ഡയറക്റെ തെരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടികാട്ടിയാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.

ജനുവരി 10ന് അലോക് വര്‍മ്മയ പുറത്താക്കാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ജസ്റ്റിസ് എ കെ സിക്രിയായിരുന്നു.

ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ജസ്റ്റിസ് എകെ സിക്രി പിന്മാറിയത്. എന്നാല്‍ ചില സ്വകാര്യ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് എന്‍ വി രമണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

ഉന്നതാധികാര സമിതിയുടെ തീരുമാനമില്ലാതെ എം നാഗേശ്വര്‍ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News