സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന്

ദില്ലി: സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഡയറക്ടറാകാന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്ന് യോഗം തീരുമാനമാവാതെ പിരിഞ്ഞത്. അതേസമയം അഗ്‌നിശമനസേന വിഭാഗം മേധാവിയായി നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതിനാല്‍ അലോക് വര്‍മ്മക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തേക്കും.

അദ്ദേഹത്തിന്റെ വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനാണ് സാധ്യത. വര്‍മ്മക്കെതിരെ അന്വേഷണം നടക്കുന്നതിനാല്‍ അദ്ദേഹം നല്‍കിയ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ ഉന്നതാധികാര സമിതി യോഗം ജനുവരി പത്തിന് മാറ്റിയിരുന്നു.അലോക് വര്‍മ്മയെ സ്ഥാനാത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തപ്പോള്‍ അതിനോട് ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എകെ സിക്രി അനുകൂലിക്കുകയായിരുന്നു.

എന്നാല്‍ തീരുമാനത്തോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിയോജിച്ചു. അലോക് വര്‍മ്മയെ നീക്കിയതിനെ തുടര്‍ന്നാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നത്. നിലവില്‍ 1980 മുതല്‍ 85 വരെയുള്ള കാലത്ത് സേവനം ആരംഭിച്ച 80 ഐപിഎസ് ഉദ്യോസ്ഥരുടെ ലിസ്റ്റാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട ലിസ്റ്റില്‍ പലരുടെയും പശ്ചാത്തലവിവരങ്ങളും പരിചയ സമ്പത്തും പോലുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇതിനെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എതിര്‍ത്തതോടെയാണ് സമിതിക്ക് തീരുമാനമെടുക്കാനാകാതെ പിരിയേണ്ടി വന്നത്.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ഉള്‍പ്പെടുത്തും.

പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നത് വരെ ഇടക്കാല സിബിഐ ഡയറക്ടറായി നാഗേശ്വര റാവുവാണ് തുടരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് മറ്റംഗങ്ങള്‍.

എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദി, മൂംബൈ പൊലീസ് കമ്മീഷണര്‍ സുബോത് ജയ്‌സ്വാള്‍, ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്ര, ഗുജറാത്ത് ഡിജപി ശിവാന്ദ് ഝാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനികാന്ത് മിശ്ര, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രജ്ഞന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here