തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍അവകാശവാദങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്; കര്‍ഷകരോഷം തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും; ബജറ്റ് അവതരണം പ്രതിപക്ഷ ബഹളത്തിനിടെ

ദില്ലി: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍അവകാശവാദങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്.

ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ആദായനികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്. 2022ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അന്ന് എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകുമെന്നും ഗോയല്‍ അവകാശപ്പെട്ടു.

കര്‍ഷകരോഷം തിരിച്ചടിയായെന്ന വിലയിരുത്തലില്‍ നിരവധി പദ്ധതികളും വാഗ്ദാനങ്ങളുമാണ് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

ബജറ്റ് പ്രസംഗത്തില്‍ ഭാഗങ്ങള്‍:

5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി

ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു

പണപ്പെരുപ്പം 4.6 ശതമാനമായി

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി. സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.

കിട്ടാക്കടം തിരിച്ചുപിടിച്ചു

ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ

2019 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും

കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി

ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ്

പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകരുട വായ്പകളില്‍ രണ്ട് ശതമാനം പലിശ ഇളവ്

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി, മാസം 3000 രൂപ

അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം 50 ശതമാനം കൂട്ടി

ഇഎസ്എ പരിധി 21,000 ആക്കി, സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ

2 കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം

പ്രതിരോധത്തിന് 3 ലക്ഷം കോടി

മുദ്ര പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്ന് ഗോയല്‍

ഒരു ദിവസം 27 കിലോമീറ്റര്‍ ഹൈവേ റോഡ് നിര്‍മ്മിക്കും

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക ഇതുവരെ നല്‍കിയത് 35,000 കോടി

സേനയില്‍ ശമ്പള വര്‍ധന നടപ്പാക്കും

റെയില്‍വേയ്ക്ക് ഒന്നര ലക്ഷം കോടി

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി

ആദായനികുതി വരുമാനം 12 ലക്ഷം കോടിയായി വര്‍ധിച്ചു

ആദായനികുതിയില്‍ മാറ്റമില്ല

സിനിമാ നിര്‍മാതാക്കള്‍ക്ക് ഏകജാലക സംവിധാനം

ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി

കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി, 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ജനുവരിയോടെ ഒരു ലക്ഷം കോടി കടന്നു

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വര്‍ധന

പൊതുമേഖല ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി

ആദായനികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News