പുരോഗമനത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന ബ്രിട്ടനിലാണ് ഈ പ്രാകൃതരീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പ്രാകൃതമായതും എന്നാല്‍ പുറംലോകമറിയാതെ പോകുന്നതുമായ വൈകൃത രീതിയാണ് പെണ്‍കുട്ടികളുടെ സ്തനത്തിന്റെ വളര്‍ച്ച തടയാനായി അവരുടെ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്നത്.

ആണ്‍നോട്ടങ്ങളില്‍ നിന്ന് തങ്ങളുടെ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താനാണത്രെ ബ്രിട്ടനില്‍ ഈ രീതി പല വീട്ടുകാരും പിന്തുടരുന്നത്.

അമ്മമാരും പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് പെണ്‍കുട്ടികളെ വിധേയരാക്കുന്നത്.

സ്തനവളര്‍ച്ച കുറയ്ക്കാന്‍ മാറിടത്തില്‍ കരിങ്കല്ല് ചൂടാക്കി മസ്സാജ് ചെയ്യും. സ്തനങ്ങളിലെ കോശവളര്‍ച്ച മുരടിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

സ്തനവളര്‍ച്ച പലരിലും വ്യത്യസ്തമാണെന്നതിനാല്‍ അതിനനുസരിച്ചാണ് എത്രതവണ മസാജ് ചെയ്യണമെന്നത് നിശ്ചയിക്കുക.

പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയുടെ സമയത്ത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ നിര്‍ബന്ധപൂര്‍വ്വം പെണ്‍കുട്ടികളെ പ്രാകൃതരീതിയ്ക്ക് വിധേയരാക്കാറുണ്ട്.

എന്നാല്‍ ഇത്തരം വൈകൃതങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരിക തുറിച്ചു നോട്ടങ്ങളെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ്.

ഈ പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. പ്രസവശേഷം കുഞ്ഞങ്ങളെ മുലയൂട്ടാനും ഇവര്‍ക്ക് ബുദ്ധിമുട്ടാകും.

ആഫ്രിക്കയിലാണ് ഈ പ്രാകൃതരീതിയുടെ തുടക്കം. ബ്രസ്റ്റ് അയണിങ്ങ് എന്ന അറിയപ്പെടുന്ന ഈ ജെന്‍ഡര്‍ വയലന്‍സിനെക്കുറിച്ച് യു എന്‍ പറയുന്നത് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന 5 തരം പ്രാകൃത ആചാരരീതികളില്‍ ഒന്നാണെന്നാണ്.

ഇത്തരത്തില്‍ നിരവധി കേസുകള്‍ ലണ്ടന്‍, യോര്‍ക്ക്ഷൈര്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ലണ്ടനിലെ ക്രൊയ്ഡോണില്‍ മാത്രം 20 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നതെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടനില്‍ മാത്രം ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായിട്ടുണ്ടെന്നാണ്് ബ്രിട്ടീഷ്- സൊമാലിയന്‍ സ്വദേശിയായ ലെയ്ല ഹുസ്സൈന്‍ പറയുന്നത്.

പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിന് വിധേയരാക്കുന്നതിനെതിരെ നടക്കുന്ന പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമാണ് ലെയ്ല ഹുസ്സൈന്‍.

ചേലാകര്‍മ്മത്തിന് വിധേയരാകുന്ന പെണ്‍കുട്ടിരകളിലും വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്ല പറയുന്നു.