ചിലവേറില്ല; വില കൂടില്ല; ധനമന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നു

“പ്രളയത്തീവില” എന്ന് മനോരമ. “നികുതി ശരണം” എന്ന് മാതൃഭൂമി. “വില പ്രളയം” എന്ന് മാധ്യമം. സംസ്ഥാനത്താകെ ഭീമമായ വിലക്കയറ്റമുണ്ടാകാൻ പോകുന്നു എന്ന പൊതുവികാരമാണ് നമ്മുടെ മാധ്യമങ്ങൾ ബജറ്റിനെക്കുറിച്ച് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

നാം നിത്യം ഉപയോഗിക്കുന്ന അരി, പഞ്ചസാര, പയറുവർഗങ്ങൾ, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ എന്നിവയുടെയൊന്നും വില കയറില്ല. കാരണം അവയിൽ മഹാഭൂരിപക്ഷത്തിനും നികുതിയില്ല. അപൂർവം ചിലവ അഞ്ചു ശതമാനം സ്ലാബിലാണ്. സെസ് ബാധകമാകുന്നത് 12, 18, 28 സ്ലാബിൽ വരുന്ന ഉൽപന്നങ്ങളിലും. ഈ സ്ലാബിൽ വരുന്ന ഉൽപന്നങ്ങൾക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവില് എന്തു ബാധ്യതയാണ് വരുത്തുക.

വാറ്റ്, എക്സൈസ് തുടങ്ങിയ ഇനങ്ങളില് പിരിച്ചിരുന്ന നികുതി ഏകീകരിച്ചാണ് ജിഎസ്ടി. അപ്പോള്ത്തന്നെ നികുതിയില് വന് കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴാകട്ടെ, ജിഎസ്ടിയില് 28 ശതമാനം സ്ലാബു തന്നെ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അവയുടെ നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്. കളര് ടിവിയും പവര് ബാങ്കും ഡിജിറ്റല് കാമറയുമൊക്കെ ഈ പട്ടികയിലുണ്ട്. ഈ ഉല്പന്നങ്ങളുടെ ജിഎസ്ടിയില് പത്തു ശതമാനത്തിന്റെ കുറവ്. അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നു വരുന്നത്.

അതായത് 100 രൂപയുടെ ഉല്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. അതിപ്പോള് 18 ശതമാനം സ്ലാബിലേയ്ക്കു മാറി. പത്തു രൂപയുടെ കുറവ് വിലയില് വരണം. നമ്മുടെ ഒരു ശതമാനം പ്രളയസെസ് ചുമത്തുമ്പോള് ഒമ്പതു രൂപയേ കുറയൂ. ഇതെങ്ങനെയാണ് വിലക്കയറ്റമാവുക. ഒരു ഉല്പന്നം നേരത്തെ വാങ്ങിയ വിലയില് നിന്ന് പത്തു രൂപ കുറവു ലഭിക്കേണ്ട സ്ഥാനത്ത് 9 രൂപയുടെ കുറവേ വരൂ എന്നര്ത്ഥം. ആ പണം പ്രളയം തകര്ത്ത നാടിനെ പുനഃനിര്മ്മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

വലിയ വിമര്ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവൊക്കെ ഭരിച്ചപ്പോള് എന്തായിരുന്നു സ്ഥിതി? 12.5 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വര്ദ്ധിപ്പിച്ച ശേഷമാണ് അവര് ഭരണമൊഴിഞ്ഞത്. ഇപ്പോഴെന്താണ് ഈ തീരുമാനത്തിനു പിന്നില്. ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിലൊന്നില് നിന്ന് കരകയറണം. അതിനൊരു ഉപാധിയായി, രണ്ടു വര്ഷത്തേയ്ക്ക് ഒരു സെസ്. അതുപോലും ചെയ്യാന് പാടില്ല എന്നു വിമര്ശിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഈ കെടുതികളില് നിന്ന് നാം കരകയറരുത് എന്നാണ്. അവര്ക്കൊപ്പമാണ് മാധ്യമങ്ങളും.

“ചെലവേറും പ്രഭാതം” എന്നാണ് മാതൃഭൂമിയുടെ നിരീക്ഷണം. അല്ല, മാതൃഭൂമീ, എത്ര രൂപയാണ് “ഏറു”ന്നത്? 100 ഗ്രാം പേസ്റ്റിന് 50 രൂപയാണെന്നിരിക്കട്ടെ. ഒരു ശതമാനം സെസ് പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താവ് 50 പൈസ കൊടുക്കേണ്ടി വരും. ഒരു ചന്ദ്രിക സോപ്പിന് വില 26 രൂപ. അതിന് 26 പൈസ സെസ് കൊടുക്കേണ്ടി വരും. ടൂത്ത് ബ്രഷ്, സോപ്പ്, ഹെയർ ഓയിൽ, ഷാംപൂ, പെർഫ്യൂം, മറ്റു സൌന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കു വില കൂടുമെന്നാണ് പത്രം ഭീഷണിപ്പെടുത്തുന്നത്. വില കൂടും എന്നത് ഞാനും അംഗീകരിക്കുന്നു. എന്നാൽ വരുന്ന ഏപ്രിൽ ഒന്നിന് ഈ പട്ടികയിലെ ഉൽപന്നങ്ങളെല്ലാം വാങ്ങുന്ന ഒരു ഉപഭോക്താവ് എത്ര രൂപ അധികം നൽകേണ്ടി വരും? അക്കാര്യം കൂടി വായനക്കാർ അറിയേണ്ടതല്ലേ.

“അടുക്കളയിൽ കയറിയാലോ” എന്ന തലക്കെട്ടിനു കീഴെ വേറെയും തമാശയുണ്ട്. പാചകവാതക സ്റ്റൌ, അടുക്കളയിൽ ഉപയോഗിക്കുന്ന മേശകൾ, കിച്ചൺ വെയർ, സ്പൂണുകൾ, ഗ്ലാസ്, വിനിഗർ എന്നിവയ്ക്കെല്ലാം വില കൂടുമത്രേ. വില കൂടിയ ഉൽപന്നങ്ങൾക്ക് വലിയ ഡിസ്ക്കൌണ്ട് വ്യാപാരികൾ നൽകാറുണ്ട്. ഉദാഹരണത്തിന് 20000 രൂപ വിലയുള്ള ഒരു ടെലിവിഷൻ വാങ്ങുമ്പോൾ വ്യാപാരി സാധാരണ എത്ര രൂപ ഡിസ്കൌണ്ടു നൽകും. ഡീലറുടെ മാർജിനിൽ നിന്നാണ് ഈ ഇളവു നൽകുന്നത്. 20000 രൂപയുടെ ഒരു ശതമാനം 200 രൂപ. നേരത്തെ 500 രൂപ ഡീലർ ഡിസ്കൌണ്ടു തരുമെങ്കിൽ സെസ് കഴിച്ച് ഇളവ് 300 രൂപ ആയേക്കാം.

സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദനികുതി ചുമത്താനുള്ള അവകാശം പഞ്ചായത്തുകള്ക്കു നല്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും വെറും ബഹളം വെപ്പാണ്. വരുന്ന ഏപ്രില് ഒന്നുവരെ 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി.

അത് ഏപ്രില് മുതല് 18 ശതമാനമായി താഴും. കുറയുന്ന പത്തു ശതമാനം പഞ്ചായത്തുകള് വിനോദ നികുതി ഇനത്തില് ഈടാക്കും. അപ്പോഴെങ്ങനെയാണ് ടിക്കറ്റ് വില വര്ദ്ധിക്കുക. ഉപഭോക്താവ് മുടക്കുന്ന തുകയില് ഒരു വ്യത്യാസവുമില്ലല്ലോ. നേരത്തെ ജിഎസ്ടി ആയി നല്കിയത് പഞ്ചായത്തിനു നല്കേണ്ടി വരും.

ഉപഭോക്താവു മുടക്കുന്ന തുകയില് ഒരു വ്യത്യാസവും വരുന്നില്ല. അപ്പോഴെങ്ങനെയാണ് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുക. കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമര്ശനങ്ങള്.

മദ്യത്തിനു വില കൂടുന്നേ എന്ന നിലവിളിയും കേട്ടു. മദ്യത്തിന് രണ്ടു ശതമാനമാണ് നികുതി. 100 രൂപ ഉണ്ടായിരുന്ന ബിയറിന് 102 രൂപയാകും. 100 രൂപയ്ക്ക് ബെവ്കോ ഔട്ട്ലെറ്റിൽ കിട്ടുന്ന ഒരു ബിയർ, ബാറിൽ എത്ര രൂപയ്ക്കാണ് വാങ്ങുന്നത്? 160-170 രൂപയാവും. അതായത് നിലവിൽ 100 രൂപയ്ക്ക് സർക്കാർ വിൽക്കുന്ന ഒരു ഉൽപന്നം 60 ശതമാനം വില അധികം നൽകി ഉപയോഗിക്കാൻ തയ്യാറുളളവർക്ക്, ഈ സെസ് യഥാർത്ഥത്തിൽ ഒരു പ്രശ്നമാണോ?

മറ്റൊരു കാര്യം കൂടി പത്രസുഹൃത്തുക്കൾ ശാന്തമായി ആലോചിക്കണം. ഇന്നു മുതൽ സിമെന്റിന് പാക്കയ്റ്റൊന്നിന് 30 മുതൽ 50 രൂപ വരെ ഹോൾസെയിൽ വില ഉയരുകയാണ്. റീട്ടെയിൽ വില 15 രൂപ കൂടി കൂടും.

ഇലക്ഷൻ പ്രമാണിച്ച് അമിത് ഷാ വിളിച്ച സിമെന്റ് കമ്പനി ഉടമകളുടെ യോഗത്തിനു ശേഷമാണ് വില വർദ്ധനയെന്നാണ് വിവരം. കമ്പനികൾ സ്വന്തം നിലയിൽ 65 രൂപ വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് പാക്കറ്റൊന്നിന് 3 രൂപയോളം സെസ് സർക്കാർ ഈടാക്കുന്നതാണ് പ്രശ്നം. വാർത്താ അവതരണത്തിലെ ഇത്തരം മുൻഗണനകൾ ആർക്കുവേണ്ടിയാണ് എന്ന് മനസിലാകുന്നവരും ലോകത്തുണ്ടെന്നറിയുക.

“പ്രളയത്തീവില” മനോരമയുടെ എന്ന തലക്കെട്ടിനെക്കുറിച്ചുകൂടി ഒരു വാക്ക്. “സര്വ ഫീസുകളും കൂട്ടി ബജറ്റ് സാഹസം; പുത്തന്‍ ആശയങ്ങള്‍ പേരിനു മാത്രം” എന്ന തലക്കെട്ടിൽ മനോരമാ ഓൺലൈനിൽ ബജറ്റു ദിവസം ഒരു വിശകലനമുണ്ട്. അതിൽ നിന്നൊരു വാചകം ഇങ്ങനെ കണ്ടിരുന്നു.

‘നികുതികളിൽ മന്ത്രി വർധന വരുത്തിയിട്ടുണ്ടെങ്കിലും അത് അത്ര ഭാരമാകുന്ന രീതിയിലാണ് എന്നു പറയാനാവില്ല’.

പത്രത്തിൽ സാധാരണ സാമ്പത്തികവിഷയം കൈകാര്യം ചെയ്യുന്ന മനോരമയിലെ മുതിർന്ന ലേഖകന്റെ നിരീക്ഷണമാണിത്. പ്രളയസെസ് സാധാരണക്കാരന് ഭാരമല്ല എന്ന് വിശകലനം ചെയ്യുന്നവർ മനോരമയിൽപ്പോലുമുണ്ടെന്നർത്ഥം. ഇന്നലെ ഓൺലൈനിൽ ഈ നിരീക്ഷണം നടത്തിയ ലേഖകൻ ഇന്ന് പത്രത്തിൽ വല്ല വിശകലനവുമെഴുതിയോ എന്ന് ഒട്ടൊരു കൌതുകത്തോടെ പരതിയെങ്കിലും നിരാശയായിരുന്നു ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News