രവി പൂജാരി ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഒ‍ളിവില്‍ ക‍ഴിഞ്ഞത് ആന്‍റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍; സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ്

ബാംഗ്ലൂരു: കൊച്ചി വെടിവപ്പ് കേസില്‍ കേരള പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി രവി പൂജാരി സെനഗലില്‍ പിടിയിലായതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ഗിനിയ,ഐവറി കോസ്റ്റ്,സെനഗല്‍,ബുര്‍ക്കിന ഫാസോ തുടങ്ങീ നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാറി മാറി ഒളിവില്‍ ക‍ഴിയുന്നതിനിടെയാണ് രവി പൂജാരി പിടിയിലാകുന്നത്.

സായുധപൊലീസ് സംഘമാണ് ആന്‍റണി ഫെര്‍ണാണ്ടസ് എന്ന അപരനാമത്തില്‍ ഒളിവുകേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരുന്ന രവി പൂജിരിയെ സെനഗലില്‍ നിന്ന് പിടികൂടിയത്. ക‍ഴിഞ്ഞ മാസം 19നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഇയാല്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള സന്നദ്ധത സെനഗല്‍ അറിയിച്ചിട്ടുണ്ട്.ഒരാ‍ഴ്ചയ്ക്കകം പൂജാരിയെ ഇന്ത്യിലെത്തിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാരിക്കെതിരെ കര്‍ണാടക പൊലീസ് റഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേരളത്തിനും കര്‍ണാടകയ്ക്കും പുറമേ മുംബൈ,ഗുജറാത്ത് പൊലീസും ഇയാളെ വിട്ടുകിട്ടാനുള്ള നിയമ നടപടികളിലാണ്.മനുഷ്യക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങളില്‍ മുംബൈ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവപ്പിനു പിന്നില്‍ രവി പൂജാരി തന്നെയെന്ന് കേരള പൊലീസും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here