സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്കുള്ള സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച് മൂന്നുപേര്‍; തീരുമാനം ഇന്നുണ്ടാകും

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍. രജനീകാന്ത് മിശ്ര, ജാവീദ് അഹമ്മദ്, എസ്എസ് ദേശ്വാള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്.

സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇന്ന് തന്നെ സെലക്ഷന്‍ ക്മ്മിറ്റി യോഗം ചേര്‍ന്ന് ഡയറക്ടര്‍ നിയമനത്തില്‍ തീരുമാനം എടുത്തേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

1984 ഉത്തര്‍പ്രദേശ് കേഡറിലെ ജാവീദ് അഹമ്മദ്, അതേ ബാച്ചിലെ രജനീകാന്ത് മിശ്ര, ഹരിയാന കേഡറിലെ എസ്എസ് ദേശ്വാള്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് തലവനായ ജാവീദ് അഹമ്മദിനെ യോഗത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പിന്തുണച്ചു.

എന്നാല്‍ ബിഎസ്എഫ് ചീഫായ രജനീകാന്ത് മിശ്രയ്ക്കായിരുന്നു പ്രധാനമന്ത്രിയുടെ പിന്തുണ. ഒടുവില്‍ ഇന്നലെ രാത്രി ഏറെ വൈകിയും തീരുമാനമാനമാകാതെ പിരിയുകയായിരുന്നു.

ഡയറക്ടര്‍ നിയമനത്തില്‍ സെലക്ഷന്‍ സമിതിയിലെ മൂന്നാമത്തെ അംഗം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ നിലപാട് നിര്‍ണായകമാകും.

സിബിഐ പോലൊരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിയമനം വൈകുന്നത് ശരിയല്ലെന്നും ഉടന്‍ നിയമനം വേണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ വീണ്ടും സെലക്ഷന്‍ സമിതി യോഗം ചേര്‍ന്ന് തീരുമാനം എടുത്തേക്കും.

തന്റെ ആവശ്യം നിരസിച്ചാല്‍ ഖാര്‍ഗെ യോഗത്തില്‍ വിയോജനക്കുറിപ്പ് നല്‍കും. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ജനുവരി 10 മുതല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here