മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ പേരൻപിനു വ്യത്യസ്തമായ വരവേൽപ്പ് നൽകി മമ്മൂട്ടി ഫാൻസ് ആലപ്പുഴ.ബുദ്ധി വൈകല്യം സംഭവിച്ച വികലാംഗയായ കുട്ടിയുടെ കഥ പറയുന്ന വ്യത്യസ്തമായ ചിത്രത്തിൽ സമാനമായ കുട്ടികളെ ആദ്യ ഷോയ്ക്ക് സൗജന്യമായ് എത്തിച്ചു കൊണ്ടാണ് ആലപ്പുഴ ഫാൻസ് മാതൃക കാട്ടിയത്‌.

ശാരീരിക മാനസിക വൈകല്യങ്ങലുള്ള കുരുന്നുകൾ സമൂഹത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അത് പരിഹരിക്കാൻ രക്ഷിതാക്കൾ കാട്ടുന്ന വിഷമതകളും നിറഞ്ഞതാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ പേരൻപ്.

അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യം കാണേണ്ടത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുരുന്നുകൾ തന്നെയാണെന്ന മമ്മൂട്ടി ഫാൻസിന്റ തിരിച്ചറിവാണ് സാധാരണ ഫാൻസുകാർ കാട്ടുന്ന പാലഭിഷേകവും മറ്റും മാറ്റി വെച്ച് ഇത്തരം കുരുന്നുകളെ ചിത്രം കാണാൻ അവസരം നൽകിയത്.

തങ്ങളുടെ കഥ പറയുന്ന ചിത്രം കണ്ട് പുറത്തിറങ്ങിയ കുട്ടികളും ഒപ്പം അമ്മയെ പോലെ കൂടെ നിന്നു സ്നേഹം തരുന്ന സിസ്റ്റർ ലീന്റെയും സിനിമ ആദ്യ ദിനം കണ്ട സന്തോഷം മറച്ചു വെച്ചില്ല .

ആദ്യ ഷോയ്ക്ക് തന്നെ ഫാൻസുകാരും ,റെയ് ബാൻസിനി ഹൗസും ചേർന്നാണ് കുരുന്നുകളെ തിയറ്ററിലെത്തിച്ചത്.നടക്കാൻ ബുദ്ധിമുട്ടുള്ളവരെ തിയറ്റർ ജീവനക്കാർ എടുത്തുകൊണ്ടാണ് തിയറ്ററിനുള്ളിൽ കൊണ്ടുവന്നത്.

ഫാൻസുകാരുടെ വാദ്യമേളങ്ങൾക്ക് ചുവടുകൾ വെച്ചു കൊണ്ടാണ് തങ്ങളോട് കാട്ടിയ സ്നേഹത്തിന് ദൈവത്തിന്റെ സ്വന്തം മക്കൾ നന്ദി അറിയിച്ചത്.