പ്രഥമ പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ഇന്ന് തുടക്കമാകും. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും യു മുംബൈ വോളിയും തമ്മിലാണ് ആദ്യ മത്സരം. ഒളിംപിക് മെഡല്‍ ജേതാവ് ഡേവിഡ് ലീ അടക്കം രണ്ട് വിദേശതാരങ്ങളുമായാണ് കൊച്ചി സ്‌പൈക്കേഴ്‌സ് ഇന്നിറങ്ങുക. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

നിലം കുഴിക്കുന്ന സ്മാഷുകളും തീ പാറുന്ന സര്‍വ്വീസുകളുമായി കൊച്ചിയുടെ മണ്ണില്‍ ഇനി പ്രോ വോളിബോള്‍ മാമാങ്കം. അമേരിക്കന്‍ താരവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ വേട്ടക്കാരനുമായ ഡേവിഡ് ലീയും സ്ലൊവോക്യന്‍ താരം ആന്ദ്രെ പതുക്കും ഉള്‍പ്പെടെ രണ്ട് വിദേശതാരങ്ങളുമായാണ് കൊച്ചി ബ്ലൂ സ്‌പൈക്കേ!ഴ്‌സ് ഇന്നിറങ്ങുക.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മികച്ച സെറ്ററുമായ മോഹന്‍ ഉക്രപാണ്ഡെയുടെ നേതൃത്വത്തിലുളള 12 അംഗ കരുത്തുറ്റ ടീമാണ് കൊച്ചി ബ്ലൂ സപൈക്കേഴ്‌സ്. ദീപേഷ് സിന്‍ഹ നയിക്കുന്ന യൂ മുംബൈയാണ് ആദ്യമത്സരത്തിലെ എതിരാളികള്‍. കൊച്ചിക്ക് ലീ ഉണ്ടെങ്കില്‍ തുര്‍ക്കിയില്‍ നിന്നുളള ടോമിസ്ലാവും നിക്കോളാസുമാണ് മുംബൈയുടെ കരുത്ത്.

പറന്നാക്രമിക്കാന്‍ കഴിവുളള താരങ്ങളുമായി ഇരുടീമും കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിറങ്ങുന്‌പോള്‍ കൈക്കരുത്തും വേഗതയും വിജയികളെ നിശ്ചയിക്കും. കേരളത്തില്‍ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കൂടാതെ കാലിക്കറ്റ് ഹീറോസും ലീഗിലുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ ടീമും അഞ്ച് മത്സരങ്ങള്‍ വീതം കളിക്കും. ആകെ ആറ് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. ഫൈനല്‍ മത്സരങ്ങള്‍ ചെന്നൈയിലാണ് നടക്കുക.