സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ തെരഞ്ഞെടുത്തു

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ശുക്ലയെ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. 1983 മധ്യപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ്.

അടുത്തിടെ മധ്യപ്രദേശ് സര്‍ക്കാര്‍ ശുക്ലയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നിയമനം. അധികാരത്തര്‍ക്കം,അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ ആരോപണങ്ങളാല്‍ സിബിഐക്ക് നഷ്ടമായ വിശ്വാസ്യത തിരികെപിടിക്കുകയാകും പുതിയ ഡയറക്ടറുടെ മുന്നിലെ വലിയ കടമ്പ

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പ്രധാനികളെ മറികടന്നാണ് ഡയറക്ടറായുള്ള ഋഷികുമാര്‍ ശുക്ലയുടെ കടന്നുവരവ്. അലോക് വര്‍മ്മയെ പുറത്താക്കിയ ജനുവരി 10 മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടര്‍ സ്ഥാനത്തേക്ക് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ശുക്ലയെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ശുപാര്‍ശയ്ക്ക് പിന്നാലെ കേന്ദ്രക്യാബിനറ്റ് നിയമന കമ്മിറ്റി സെക്രട്ടറി ഉത്തരവും പുറത്തിറക്കി. 1983 മധ്യപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ ശുക്ലയുടെ നിയമനം 2 വര്‍ഷത്തേക്കാണ്. ഡയറക്ടര്‍ നിയമനം ഉടന്‍ വേണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് തീരുമാനം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരുമായി ഇടഞ്ഞ ശുക്ലയെ അടുത്തിടെയാണ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത്.

1983,1984 ഐപിഎസ് ബാച്ചിലെ 80 ഓളം ഉദ്യോഗസ്ഥരെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവില്‍ നിന്ന് ശുക്ല ഉടന്‍ ചുമതല ഏല്‍ക്കും.

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും ഡെപ്യൂട്ടി ഡയറകടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടല്‍, അലോക് വര്‍മ്മയെ പുറത്താക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍, ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സിബിഐ കഴിഞ്ഞ മാസങ്ങളിലെ വിവാദ വിഷയമായിരുന്നു.

ഈ വിവാദങ്ങളിലൂടെ സിബിഐക്ക് നഷ്ടമായ പ്രതിച്ഛായയും വിശ്വാസ്യതയും തിരികെ പിടിക്കുകയാണ് ശുക്ലയുടെ പ്രധാന കടമ്പ.

സിബിഐയുടെ പരിഗണനയിലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാട്, 2 ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി, പി ചിദംബരത്തിനെതിരായ എയര്‍സെല്‍ മാക്സിസ് കേസ്, ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനെതിരായ കേസ് തുടങ്ങിയവയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ശുക്ലയുടെ വിശ്വാസ്യതയുടെ അളവുകോലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News