ബിജെപിയുടെ ഭരണകൂട ഭീകരതയെ ഭയപ്പെടുന്നില്ല; ഒരിക്കല്‍ക്കൂടി മോഡി ഭരണം വന്നാല്‍ ഇന്ത്യയുടെ തകര്‍ച്ച എല്ലാ അര്‍ഥത്തിലും പൂര്‍ണമാകും; ഇടതുപക്ഷത്തില്‍ മാത്രമാണ് പ്രതീക്ഷയെന്ന് ആനന്ദ് തെല്‍തുംബ്‌ഡെ

തൃശൂര്‍: ബിജെപിയുടെ ഭരണകൂട ഭീകരതയെയോ തന്നെപ്പോലുള്ളവരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നതിനെയോ ഭയപ്പെടുന്നില്ലെന്ന് തുറന്നു പറഞ്ഞ്  ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ.  ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാജായി മാറും. കൂട്ടക്കുരുതി നടക്കും. അത് തടയാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ സംഘടനകളുടെയും വ്യക്തികളുടെയും ഐക്യമാണ് കാലം ആവശ്യപ്പെടുന്ന കടമ.

തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് പ്രതിയാക്കി പൊലീസ് കേസെടുത്തത്. മോഡി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായതുകൊണ്ടു മാത്രമാണ് പ്രതികാര നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പുണെയില്‍ അറസ്റ്റിലാവുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് അദ്ദേഹം ഇക്കര്യം തുറന്നു പറഞ്ഞത്. തൃശൂരില്‍ കോസ്റ്റ്‌ഫോര്‍ഡ് സംഘടിപ്പിച്ച പ്രഭാഷണത്തിനെത്തിയതായിരുന്നു തെല്‍തുംബ്‌ഡെ.

ഞാന്‍ ജനറല്‍ സെക്രട്ടറിയായ, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (സിപിഡിആര്‍) എന്ന സംഘടനയിലെ പലരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പ്രൊഫ. ഷോമാ സെന്‍, അരുണ്‍ ഫെറേയ്‌റാ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ തടവിലാണ്.

സ്ഥലത്തില്ലാതിരുന്നിട്ടും ഞാന്‍ ജോലിചെയ്യുന്ന ഗോവ മാനേജ്‌മെന്റ് സ്റ്റഡീസിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി പുണെ പൊലീസ് പരിശോധന നടത്തി. തെളിവൊന്നും കിട്ടാത്തതിനാല്‍ വ്യാജ തെളിവുകളുണ്ടാക്കിയാണ് കേസെടുത്തത്.

നിര്‍ഭയമായി രാജ്യമെങ്ങും സഞ്ചരിക്കും. അധികാരകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി ബിജെപി നടത്തുന്ന ജനാധിപത്യ, മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടും. പറയാനുള്ളത് പറയും. എഴുതാനുള്ളത് എഴുതും. ഭീഷണികളെ ഭയക്കുന്നില്ല- രാജ്യത്ത് അറിയപ്പെടുന്ന ഗ്രന്ഥകാരനും പ്രഭാഷകനും കൂടിയായ തെല്‍തുംബ്‌ഡെ പറഞ്ഞു.

ഒരിക്കല്‍ക്കൂടി മോഡി ഭരണം വന്നാല്‍ ഇന്ത്യയുടെ തകര്‍ച്ച എല്ലാ അര്‍ഥത്തിലും പൂര്‍ണമാകും. ജനാധിപത്യാവകാശങ്ങള്‍, ഭരണഘടനാ സംഹിതകള്‍, മതേതതര മൂല്യങ്ങള്‍ തുടങ്ങിയവ ചവിട്ടിമെതിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും അന്യവല്‍ക്കരിക്കപ്പെവര്‍ക്കും മാത്രമല്ല, വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്ന എഴുത്തുകാര്‍ക്കും ജീവിക്കാനാവാത്ത സ്ഥിതിയാണ്.

ഇടതുപക്ഷത്തിന് ഇന്ന് നിര്‍ണായക സംഭാവന ചെയ്യാനാവും. സമാന ചിന്താഗതിക്കാരെയും മതേതര വാദികളെയും ദളിത്, മനുഷ്യാവകാശ സംഘടനകളെയുമെല്ലാം ഒന്നിച്ച് അണിനിരത്താനാകണം. മോഡി ഭരണത്തെ ജനം വെറുക്കുന്നു എന്ന് വ്യക്തമായ സന്ദേശം രാജ്യത്ത് അലയടിക്കുന്നു. ബിജെപിയും അതു തിരിച്ചറിയുന്നുണ്ട്.

സുശക്തമായ ഒരു പ്രതിപക്ഷം ഇവിടെയില്ല. 31 ശതമാനം വോട്ടു നേടിയ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ഭരിക്കാനിടയായത് അങ്ങനെയാണ്. ബിജെപി എന്ന വലിയ ആപത്തിനു മുന്നില്‍ പ്രാദേശിക പാര്‍ടികളുടെയും മറ്റും അഭിപ്രായവ്യത്യാസങ്ങള്‍ ഐക്യത്തിന് തടസ്സമായിക്കൂടാ.

ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ നല്‍കുന്ന പ്രതിപക്ഷം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ തങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാവുന്ന മേഖലകളിലെല്ലാം മതേതര ജനാധിപത്യശക്തികളെ ഒന്നിപ്പിക്കണം. ബിജെപിയെ താഴെയിറക്കലാണ് ഒന്നാമത്തെ അജന്‍ഡയെന്ന ഇടതുപക്ഷത്തിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.

കേരളത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നീരക്ഷിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയാണ് ഞാന്‍. ഇവിടത്തെ നിലവാരമുള്ള വിദ്യാലയങ്ങള്‍, സൗകര്യങ്ങളുള്ള ആശുപത്രികള്‍, സൗജന്യ ചികിത്സ തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളില്‍ കാണില്ല. ഇവിടത്തെപ്പോലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ സ്വപ്നം മാത്രമാണ്-അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News