ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലി ജില്ലയിലെ സഹദായി ബസര്‍ഗില്‍ വെച്ച് ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ്എക്‌സ്പ്രസ് പാളംതെറ്റി ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.52നാണ് നാടിന നടുക്കിയ അപകടമുണ്ടായത്.

അപകടസമയത്ത് ട്രെയിന്‍ നല്ല വേഗതയിലായിരുന്നു. അപകടത്തില്‍ ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്ന് കോച്ചുകള്‍ നിശ്ശേഷം തകര്‍ന്നു.

ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു.

അപകടം നടന്ന സ്ഥലത്തേക്ക് ഡോക്ടര്‍മാരുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. അപകടത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.