സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കാൻ മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാപഞ്ചായത്ത്. എസ് എസ്എൽസി വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമിട്ടാണ് ‘എഡ്യൂമിയ’ എന്ന മൊബൈൽ ആപ് പുറത്തിറക്കിയത്.

പഠനക്കുറിപ്പുകൾ, പരീക്ഷാ സഹായികൾ, മാതൃകാചോദ്യങ്ങൾ, പാഠഭാഗങ്ങളുടെ വീഡിയോ അവതരണം എന്നിവ എഡ്യൂമിയ ആപ് വഴി ലഭ്യമാകും.

വിദ്യാർത്ഥികളുടെ പഠന നിലവാരം വർധിപ്പിക്കാനും എസ് എസ് എൽ സി വിദ്യാർത്ഥികളെ മുഴുവൻ ഉയർന്ന മാർക്കോടെ വിജയിപ്പിക്കാനുമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി.

കോഴിക്കോട് ജില്ലയിലെ 44 സർക്കാർ സ്കൂളുകൾക്ക് പുറമെ മുഴുവൻ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും സേവനം ലഭിക്കും.

ഇതിനായി app.kozhikodedde.com അല്ലെങ്കിൽ app.educareonline.in എന്നീ വെബ്സൈറ്റുകൾ വഴി രജിസ്റ്റർ ചെയ്യാം. 5 സ്കൂളുകളിൽ പരീക്ഷണാടിസ്ഥനത്തിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായതോടെയാണ് ജില്ലയിലാകെ വ്യാപിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ പാഠഭാഗങ്ങളും മൊബൈൽ ആപ് വഴി ലഭ്യമാകും. ഡയറ്റിന്റെ അക്കാദമികവും സാങ്കേതികവുമായ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രക്ഷിതാക്കളുടെ മൊബൈൽ ഫോണിനാണ് പ്രഥമ പരിഗണന. കുട്ടി സ്കൂളിലെത്തിയില്ലെങ്കിൽ ഹാജരെടുത്ത ഉടൻ മൊബൈൽ ആപ് വഴി രക്ഷിതാവിന് വിവരവും ലഭിക്കും.