അവര്‍ ഒത്തുകൂടി; കോമുക്കുട്ടിക്കാക്കയുടെ ഓത്തുപള്ളിക്കൂടത്തിന്റെ ഓര്‍മയില്‍

അരനൂറ്റാണ്ട് മുന്‍പ് നിലച്ചുപോയ ഓത്തുപള്ളിക്കൂടത്തിന്റെ ഓര്‍മയില്‍ ആ ഏകാധ്യാപക വിദ്യാലയത്തില്‍ വിജ്ഞാനം നുകര്‍ന്നവര്‍ ഒത്തുകൂടി. ചേന്ദമംഗലൂരില്‍ ഒരു തലമുറയ്ക്കു മുഴുവന്‍ അക്ഷരവെളിച്ചം നല്‍കിയ കോമുക്കുട്ടിക്കാക്കയുടെ വിദ്യാര്‍ഥികളാണ് ഒത്തുചേരലില്‍ ഓര്‍മകള്‍ അയവിറക്കിയത്.

കോളെജുകളിലും സ്‌കൂളുകളിലും പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. എന്നാല്‍, പുതുമയുള്ളൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിനാണ് ചേന്ദമംഗലൂര്‍ വേദിയായത്. .

ഒരു ഗ്രാമത്തിനു മുഴുവന്‍ അക്ഷരവെളിച്ചം നല്‍കിയ കോമുക്കൂട്ടിക്കാക്കയുടെ ഓത്തുപള്ളി ഇപ്പോള്‍ ഓര്‍മകള്‍ മാത്രം. അര നൂറ്റാണ്ടു മുന്‍പ് കോമുക്കുട്ടിക്കാക്ക തന്റെ പ്രിയശിഷ്യരെ തനിച്ചാക്കി അന്ത്യനിദ്രയില്‍ മുഴുകി.

1935 മുതല്‍ 65 വരെയായിരുന്നു ഈ ഓത്തുപള്ളി ചേന്ദമംഗലൂരില്‍ തലയുയര്‍ത്തി നിന്നത്. അറബിയും മലയാളവും അറബി മലയാളവും പാട്ടും ഈരടിയും ദേശസ്നേഹവുമെല്ലാം പഠിപ്പിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകന്‍ കോമുക്കുട്ടി മാത്രം.

ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. 140ലേറെ പേര്‍ സംഗമത്തിനെത്തി. കോമുക്കുട്ടിയുടെ മകന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സി.ടി അബ്ദുറഹീമിന്റെ ആത്മകഥാപരമായ ലേഖനത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു സംഗമത്തിന് ചേന്ദമംഗലൂരില്‍ വേദിയൊരുങ്ങിയത്.

ശിഷ്യരുടെ അനുഭവവിവരണം, പാട്ട്, ഓര്‍മകള്‍ എന്നിവയ്ക്കൊപ്പം സി.ടി അബ്ദുറഹീം രചിച്ച ‘ചേന്ദമംഗലൂര്‍: ഓര്‍മയും ആലോചനയും’ എന്ന പുസ്‌കതത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

പൂര്‍വവിദ്യാര്‍ഥികളായ കെ.ടി.സി ബീരാന്‍, ഫാത്തിമ തിരുവാലി, അരിമ്പ്ര വലിയ മമ്മദ് മകന്‍ ചെറിയ ബീരാന്‍, അബ്ദുല്ല കുറമ്പ്ര, സുബൈദ ചിറ്റാരിപ്പിലാക്കല്‍, മൊയ്തീന്‍ തിരുവാലി തുടങ്ങിയവര്‍ സംസാരിച്ചു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News