വികസനത്തില്‍ പുതിയ ഉയരങ്ങള്‍ തേടി കേരളം; സംസ്ഥാനത്ത് നാല് എല്‍എന്‍ജി പമ്പുകള്‍ വരുന്നു

കൊച്ചി: കേരളത്തിൽ രണ്ടുമാസത്തിനകം പെട്രോനെറ്റ‌് എൽഎൻജി നാല‌് ചെറുകിട പ്രകൃതിവാതക വിതരണസ‌്റ്റേഷനുകൾ ആരംഭിക്കുമെന്ന‌് കമ്പനി എംഡിയും സിഇഒയുമായ പ്രഭാത‌് സിങ‌് പറഞ്ഞു.

എറണാകുളം പ്രസ‌് ക്ലബ്ബിന്റെ ‘മീറ്റ‌് ദി പ്രസ‌്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലാണ‌് വിതരണസ‌്റ്റേഷനുകൾ. രണ്ടു മാസത്തിനകം ഇതിന‌് അന്തിമരൂപമാകും.

ഇപ്പോൾ എൽഎൻജിക്കു കൂടുതൽ ആവശ്യക്കാരുള്ള ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ എൽഎൻജി സ‌്റ്റേഷനുകൾ പൂർത്തിയായാൽ അടുത്ത ശ്രദ്ധ കേരളത്തിലാകും.

കൊച്ചിയിൽ മാർച്ച‌് അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട‌് എൽഎൻജി ബസുകൾ പെട്രോനെറ്റ‌് തന്നെ രൂപകൽപ്പന നടത്തി പുറത്തിറക്കും.

എൽഎൽജിയിലേക്ക‌് മാറാൻ ചെലവ‌് അൽപ്പം കൂടുമെങ്കിലും ഉയരുന്ന എണ്ണവിലയും ദൗർലഭ്യവും കണക്കിലെടുക്കുമ്പോൾ ഭാവിയിൽ വലിയ ലാഭമാകും.

പരിസ്ഥിതി സൗഹൃദവാതകമായതിനാൽ ഭാവിയിൽ ബസുകളും ട്രക്കുകളും എൽഎൻജി അധിഷ‌്ഠിതമാകുമെന്നാണ‌് പ്രതീക്ഷ. ഇപ്പോൾ കൊച്ചിയിലെ എൽഎൻജി ടെർമിനൽ സ്ഥാപിതശേഷിയുടെ എട്ടുമുതൽ 10 ശതമാനംവരെ മാത്രമാണ‌് ഉപയോഗിക്കുന്നത‌്.

കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ‌്‌ലൈൻ ശൃംഖല മേയിൽ പൂർത്തിയാകുന്നതോടെ പ്രതിവർഷ ഉപയോഗം 40 ശതമാനം വർധിക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

ഗ്യാസ‌് പൈപ്പ‌്‌ലൈൻ പ്രവൃത്തികൾ ഏതാനും വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എൽഡിഎഫ‌് സർക്കാർ വന്നശേഷം മുഖ്യമന്ത്രി മുൻകൈയെടുത്തതോടെയാണ‌് പദ്ധതി വേഗത്തിലായത‌്.

ഇതിന‌് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു. വാതക പൈപ്പ‌്‌ലൈൻ യാഥാർഥ്യമാകുന്നതോടെ കേരളത്തിന‌് ഭാവിയിൽ വലിയ നേട്ടം കൊയ്യാനാകും.

കൂറ്റനാട‌്–ബംഗളൂരു പൈപ‌് ലൈൻകൂടി കമീഷൻ ചെയ്യുന്നതോടെ ദേശീയ പൈപ്പ‌്‌ലൈൻ ശൃംഖലയുടെ ഭാഗമാകാൻ കഴിയും.

ബിഎസ‌്ഇഎസിന്റെ കൊച്ചിയിലെ പ്ലാന്റിനും എൻടിപിസിയുടെ കായംകുളം പ്ലാന്റിനും ഊജോൽപ്പാദനത്തിൽ അസംസ‌്കൃത ഇന്ധനമായി പ്രകൃതിവാതകം നൽകുന്നതിനുള്ള കരാർ പുനരുജ്ജീവിപ്പിക്കാൻ പെട്രോനെറ്റ‌് തീരുമാനിച്ചിട്ടുണ്ട‌്.

ഇതിനുള്ള നിർദേശം സമർപ്പിച്ചിട്ടുണ്ട‌്. ചർച്ച പ്രാഥമികഘട്ടത്തിലാണ‌്. നാഫ‌്ത, ഡീസൽ എന്നിവ ഉപയോഗിക്കുന്നതിനേക്കാൾ ചെലവു കുറയും.

എൽഎൻജി ഉപയോഗിക്കുമ്പോൾ യൂണിറ്റൊന്നിന‌് അഞ്ചുമുതൽ ആറു രൂപവരെയേ ചെലവു വരൂ. പെട്രോനെറ്റിന്റെ ഗുജറാത്തിലെ ദഹേജ‌് ടെർമിനൽ സ്ഥാപിതശേഷിയുടെ 110 ശതമാനം ഉപയോഗപ്പെടുത്തി. വാതക ടെർമിനലുകളുടെ ഉപയോഗത്തിലെ ലോക റെക്കോർഡാണിത‌്.

എൽഎൻജിയുമായി ഇതിനകം ആയിരത്തോളം കപ്പലുകൾ കഴിഞ്ഞ ഒമ്പതുവർഷത്തിനകം ദഹേജിലെത്തിയിട്ടുണ്ട‌്. അഞ്ചുവർഷംകൊണ്ട‌് കൊച്ചിയിലെ ടെർമിനലിൽ എത്തിയ കപ്പലുകളുടെ എണ്ണം അമ്പതാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ടെർമിനൽ ഹെഡ‌് ടി നീലകണ‌്ഠനും മീറ്റ‌് ദ പ്രസിൽ പങ്കെടുത്തു. പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് അധ്യക്ഷനായി. സെക്രട്ടറി സുഗതൻ പി ബാലൻ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here