നിഗൂഢതകളുടെ ഫറവോ തൂത്തന്‍ഖാമിന്റെ ശവകുടീരത്തിന്റെയും മമ്മിയായി സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെയും ചിത്രങ്ങള്‍ ഈജിപ്ത് പുറത്തുവിട്ടു.

ഇതോടൊപ്പം ലോകത്തിലെ സുപ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ തൂത്തന്‍ഖാമിന്റെ ശവകുടീരം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു.

നീണ്ട വര്‍ഷങ്ങളായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

തൂത്തന്‍ഖാമന്റെ മുഖത്തിന്റെയും കാല്‍പാദങ്ങളുടെയും ചിത്രങ്ങളടക്കം വിവിധ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ഈജിപ്തിന്റെ സുവര്‍ണ്ണ കാലത്തിന്റെയും പ്രൗഢിയുടെയും നേര്‍ചിത്രം ലോകത്തിനു മുന്നില്‍ വെളിവായത് 1922 ല്‍ ബ്രിട്ടിഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറെന്ന പുരാവസ്തു ഗവേഷകന്‍ തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്തിയപ്പോഴാണ്.

വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കാര്‍ട്ടര്‍ കണ്ടെത്തിയത് അമൂല്യങ്ങളില്‍ അമൂല്യമായ ഒരു നിധികുംഭമായിരുന്നു, 3341 വര്‍ഷം പഴക്കം ചെന്ന ഈജിപ്ഷ്യന്‍ ഫറവോയുടെ ശവകുടീരം.

ഈജിപ്തിന്റെ യുവരക്തത്തിന്റെ ശവകുടീരത്തില്‍ കണ്ടെത്തിയത് വിലമതിക്കാനാകാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും അതിലേറെ വിലപിടിപ്പുള്ളതും നിര്‍ണ്ണായകവുമായ ചരിത്രരേഖകളുമായിരുന്നു.

ഈജിപ്ഷ്യന്‍ ഫറവോയായിരുന്ന ഐഖനാട്ടന്റെ മരണത്തോടെയാണ് 10 വയസ്സുകാരനായ മകന്‍ തൂത്തന്‍ഖാം അധികാരത്തിലെത്തുന്നത്.

അര്‍ദ്ധ സഹോദരിയായ അന്‍ഖിസെനാമുനെ വിവാഹം ചെയ്ത തൂത്തന്‍ഖാം 18ാം വയസ്സില്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്.

ബി സി 1323 ല്‍ മരിച്ച തൂത്തന്‍ഖാമിന്റെ ശരീരം രാജാക്കന്‍മാരുടെ താഴ്‌വരയിലെ കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടു. മരണാനന്തര ജീവിതത്തിനായി പൂര്‍ണ്ണ പ്രതാപത്തോടെ കല്ലറയില്‍ തൂത്ത് മയങ്ങി.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കം ചെന്ന ശവകുടീരം 1922 ല്‍ തുറന്നപ്പോള്‍ അവിശ്വസനീയമായ പലതും ശാസ്ത്രത്തിന് ലഭിച്ചു.

അതില്‍ ഏറ്റവും ശ്രദ്ധേയമായത് തൂതിന്റെ 10 കിലോയോളം ഭാരമുള്ള തനിതങ്കത്തില്‍ നിര്‍മ്മിച്ച മുഖംമൂടിയാണ്.

കാലകാലങ്ങളായി സന്ദര്‍ശകരെത്തുന്ന ശവകുടീരത്തിന്റെയും മറ്റും കേടുപാടുകള്‍ പരിഹരിക്കാനായി വര്‍ഷങ്ങളായി വൃത്തിയാക്കല്‍ നടന്നുവരികയായിരുന്നു.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കര്‍ശന നിയന്ത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ശവകൂടിരത്തിന്റെയും മമ്മിയുടെയും ചിത്രങ്ങളെടുക്കുന്നതില്‍ നിയന്ത്രണങ്ങളുള്ളപ്പോഴാണ് ഈജിപ്ത് ഔദ്യോഗികമായി ചിത്രം പുറത്തു വിട്ടിരിക്കുന്നത്.