പൗരത്വ ബില്ലില്‍ കോണ്‍ഗ്രസിന് മൗനം; അയോധ്യ വിഷയത്തിലും അമിത് ഷായുടെ വെല്ലുവി‍ളി ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ മടിച്ച് രാഹുല്‍ ഗാന്ധി.

ഉത്തരാഖണ്ഡില്‍ ശനിയാഴ്ച ബിജെപി പ്രചാരണ യോഗത്തിലാണ് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചത്.

എത്രയും വേഗം ക്ഷേത്രം നിര്‍മിക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച ‘ഭാരത് കെ മന്‍ കി ബാത്ത്, മോഡി കെ സാത്ത്’ എന്ന പരിപാടിയിലും ഷാ വെല്ലുവിളി ആവര്‍ത്തിച്ചു.

കേസ് കോടതിയുടെ പരിഗണനയിലാണ്. 1993 ല്‍ ഏറ്റെടുത്ത രാമജന്മഭൂമി ന്യാസിന്റെ ഭൂമി മടക്കിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേസ് നടത്തിപ്പില്‍ തടസ്സമാകരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയാണ്. അയോധ്യയില്‍ അതേസ്ഥലത്ത് തന്നെ എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കണം.

ഇക്കാര്യത്തില്‍ ബിജെപിക്ക് അവ്യക്തതയില്ല. എല്ലാ പാര്‍ടികളും നിലപാട് വ്യക്തമാക്കണം- അമിത് ഷാ പറഞ്ഞു.

അയോധ്യാ വിഷയത്തില്‍ അമിത് ഷാ വെല്ലുവിളി നടത്തി രണ്ടുദിവസം പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധി മൗനം തുടരുകയാണ്.

കോടതി വിധി അംഗീകരിക്കുമെന്ന നിലപാടായിരുന്നു ഇതേവരെ. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ നിലപാട് ആവര്‍ത്തിക്കാന്‍ രാഹുല്‍ മടിക്കുന്നു.

കോണ്‍ഗ്രസ് സമീപകാലത്തായി സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ മൗനവും. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ബിജെപിയെ പോലും ഞെട്ടിക്കും വിധമാണ് ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കുന്നത്.

ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കി വന്നിരുന്ന ഗോസംരക്ഷണ പദ്ധതികളും മറ്റും അതേപടി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളും.

പശുക്കളെ ദത്തെടുക്കല്‍ പദ്ധതിക്കാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ തുടക്കമിട്ടത്. പശുസംരക്ഷണത്തിനായി ആയിരം ഗോശാലകള്‍ നാലുമാസംകൊണ്ട് നിര്‍മിക്കുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ പ്രഖ്യാപനം.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ബില്ലിന്റെ കാര്യത്തിലും കോണ്‍ഗ്രസ് മൗനത്തിലാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News