തൃശൂർ ഏ‍ഴ് കേരള ഗേൾസ് ബറ്റാലിയന് സംസ്ഥാനതല മികച്ച ബറ്റാലിയനുള്ള പുരസ്കാരം

കേരളത്തിൽ ആകെയുള്ള അമ്പതോളം ബറ്റാലിയനുകളെ പിന്തള്ളിയാണ് തൃശൂരിലെ ഗേൾസ് ബറ്റാലിയനായ 7 കേരള പുരസ്കാരത്തിനർഹരായത്.

ഓരോ Bn ലും മൂവായിരത്തിലധികം അംഗങ്ങളുള്ളപ്പോൾ 7 കേരളയിൽ ആകെ 1600 മാത്രം.
കേരളത്തിലൊട്ടാകെ 5 ഗേൾസ് ബറ്റാലിയനുകളാണുള്ളത്. ചരിത്രത്തിലാദ്യമായാണ് നാൽപതിലധികം മിക്സഡ് ബറ്റാലിയനുകളെ പിന്തള്ളി ഒരു വനിതാ ബറ്റാലിയൻ ഒന്നാമതെത്തുന്നത്.

വേറിട്ട പ്രവർത്തന ശൈലികൾക്ക് 7 കേരള തുടക്കം കുറിച്ചത് 2017 ആഗസ്റ്റോടെയാണ്. Col H പദ്മനാഭൻ എന്ന കമാന്റിംഗ് ഓഫീസർ ചാർജെടുത്തതോടെ താരതമ്യേന എന്നും പിന്നാമ്പുറങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഈ ഗേൾസ് ബറ്റാലിയൻ സാമൂഹികതയുടെ മുഖമായി മാറുകയായിരുന്നു.

തൃശൂരിലെ 58-ാമത് സംസ്ഥാന കലോത്സവത്തിൽ ഗതാഗതത്തിനു ചുക്കാൻ പിടിച്ചു കൊണ്ട് 7 കേരള മുന്നേറ്റത്തിന്റെ വഴിയിലേക്കിറങ്ങി.

കേരളം മുങ്ങിയ പ്രളയത്തിൽ തൃശൂരിനെയും ആലുവയയും കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. NCC യുടെ എഴുപതാം പിറന്നാൾ ആഘോഷം തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു.

മണിയൻ കിണർ ആദിവാസി കോളനിയിൽ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും അലമാരയും ഇവർ നൽകി. വാഴച്ചാൽ ആദിവാസി കോളനിയിൽ സർവ്വേയും അനുബന്ധ പ്രവർത്തനങ്ങളും, അനാഥാലയ സന്ദർശനങ്ങളും അവർക്കായി പദ്ധതികളും,

പെൻസിൽമാനോടൊപ്പം പ്രളയദുരിതാശ്വാസ സാമഗ്രികൾ വിതരണം, ജയിൽ സന്ദർശനങ്ങൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ, സ്വച്ച് ഭാരത് പദ്ധതിയിലെയും ഡിജിറ്റൽ ഇക്കോണമി സംരംഭങ്ങളിലെയും വമ്പൻ പങ്കാളിത്തം തുടങ്ങിയവ ഇവരുടെ പ്രവർത്തനങ്ങളിൽ ചിലതാണ്.

കേണൽ പദ്മനാഭന് 2018 ൽ സൈനിക മേധാവിയുടെ പ്രശംസാ മെഡലും ലഭിച്ചിരുന്നൂ. തൃശൂർ, ഗുരുവായൂർ, ആലുവ പ്രദേശങ്ങളിലെ എല്ലാ വിധ സാമൂഹിക സേവന മേഖലയിലും പരേഡുകളിലും 7 കേരളാ വനിതാ ബറ്റാലിയന്റെ ചുണക്കുട്ടികൾ നിറ സാന്നിധ്യമാണ്.

കഴിഞ്ഞ ഒക്ടോബർ മാസം ഈ ബറ്റാലിയൻ നടത്തിയ സ്വച്ഛ ഭാരത് പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പ്രശംസ ലഭിച്ചിരുന്നൂ.

ഇന്ന് മികച്ച ബറ്റാലിയൻ എന്ന് ഒരു വനിതാ ബറ്റാലിയൻ ആദരം നേടുമ്പോൾ അത് Col H പദ്മനാഭനും ടീമിനും പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജമാകുന്നു.

നാളെ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി Dr. KT ജലീൽ പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here