നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; താരം മനുഷ്യക്കടത്തിലെ കണ്ണിയെന്ന് സംശയം

നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്.

പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായും സമിതി വെളിപ്പെടുത്തി. ചെന്നൈ ടി നഗറിലെ വീട്ടിൽ നിന്നാണ്പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തിയത്. പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്ന് കാട്ടി നടിക്കെതിരെ ആദ്യം പരാതി ഉയര്‍ന്നിരുന്നു.

ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലവേല നിരോധന പ്രകാരമാണു നടിക്കെതിരെ പരാതി. മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന സ്ത്രീയാണു നടിക്കെതിരെ രംഗത്തെത്തിയത്. തന്റെ 14 വയസ്സുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണു വീട്ടുകാർ ചെന്നൈയിലെത്തിയത്.

പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ 10 ലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നുണ്ട്. എന്നാല്‍ പെൺകുട്ടി തങ്ങളുടെ വീട്ടിൽനിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നു ഭാനുപ്രിയ സമാൽകോട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം തനിക്കെതിരെ രംഗത്തു വന്നതെന്നാണ് ഭാനുപ്രിയയുടെ വാദം .

പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News