ചിലര്‍ക്ക് വാഹനങ്ങളോടുള്ള ആരാധന വളരെ വലുതാണ്. ചിലര്‍ക്ക് അത് കാറുകളോട് ആണ് മറ്റു ചിലര്‍ക്കാണെല്‍ ഇത് പല തരത്തിലുള്ള ബൈക്കുകളോടും. എന്നാല്‍ ദേവി ഫാര്‍മ ഉടമ ബാലഗോപാലിന് കാറുകളോട് മാത്രമല്ല ഭ്രമം അതിന് ഫാന്‍സി നമ്പറുകള്‍ കൂടി വേണമെന്നും         നിര്‍ബന്ധം ആണ്.

ഫാന്‍സി നമ്പറുകളോട് ഭ്രമം ഉള്ളവര്‍ ഒരുപാട് ഉണ്ടെങ്കിലും ബാലഗോപാലിന്റെ കഥ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ്.

ഒരു തരം വട്ട് എന്നാണ് ബാലഗോപാല്‍ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ 1.20 കോടി രൂപ മുടക്കി വാങ്ങിയ പോര്‍ഷെ 718 ബോക്‌സ്റ്റര്‍ എന്ന വാഹനത്തിന് KL-01-CK-01 നമ്പര്‍ ലഭിക്കാനായി അദ്ദേഹം ചിലവിട്ടത് 31.5 ലക്ഷം രൂപയാണ്.

ലക്ഷങ്ങള്‍ മുടക്കി തനിക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങുന്ന ബാലഗോപലിന്റെ കഥ മുന്‍പ് വൈറല്‍ ആയിരുന്നു.

ഈ വാഹനം വാങ്ങിയ സമയത്താണ് പുതിയ നമ്പര്‍ സീരിസ് ലേലത്തില്‍ വരുന്ന കാര്യം അദ്ദേഹം അറിഞ്ഞതും, പൊന്നും വില കൊടുത്ത് അത് മേടിച്ചതും. വാങ്ങിയത് ഒരു സ്‌പോര്‍ട്‌സ് കാര്‍ ആയതിനാല്‍ ഒന്നാം നമ്പര്‍ ലഭിക്കുക എന്നത് ഒരു ആഗ്രഹവുമായിരുന്നു.

മുന്‍പ് ഒന്ന് എന്ന നമ്പര്‍ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് മേടിച്ചത് 19 ലക്ഷം രൂപ മുടക്കിയാണ്. ഇപ്പോള്‍ പുതിയ കാര്‍ കൂടി ആയപ്പോള്‍ ഒന്ന് നമ്പറുള്ള ആറു വാഹനങ്ങള്‍ ഇദ്ദേഹത്തിന് സ്വന്തമായി. ഈ 31 ലക്ഷം എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബിഡുകളില്‍ ഒന്നാണ്. 2012 ല്‍ ഹരിയാനയില്‍ 26 ലക്ഷം രൂപയ്ക്ക് പോയ ഒരു കാറാണ് പഴയ റെക്കോര്‍ഡ്.

കുഞ്ഞ് നാള്‍ മുതല്‍ വാഹനങ്ങളോടുള്ള ഭ്രമം ആണ് ഇങ്ങനെ ഒരു രീതിയിലേക്ക് ബാലഗോപിനെ എത്തിച്ചത്. ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചത് 2004ല്‍ ഒരു ബെന്‍സ് കാര്‍ വാങ്ങിയപ്പോള്‍ എകെ 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്.