പൊന്നാനി പിടിക്കാനുറച്ച് ഇടതുപക്ഷം; കൈവിട്ടുപോവാതിരിക്കാന്‍ മറുതന്ത്രങ്ങള്‍ മെനഞ്ഞ് മുസ്ലിം ലീഗ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊന്നാനിപ്പേടിയില്‍ മുസ്ലിം ലീഗ്. മണ്ഡലം പിടിയ്ക്കാന്‍ എല്‍ഡിഎഫ് കളത്തിലിറങ്ങിയതോടെ മറുതന്ത്രങ്ങളുമായി മുസ്ലിം ലീഗും മണ്ഡലത്തില്‍ സജീവമായി. ഇ ടിയെ തുടര്‍ന്നും പരീക്ഷിക്കുന്നത് അപകടമാവുമെന്ന കണക്കകൂട്ടലിലാണ് ലീഗ് നേതൃത്വം.

മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ 2009ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത് 82684 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

എന്നാല്‍ 2014ല്‍ ഇത് 25,410 വോട്ടായിക്കുറഞ്ഞു. തുടര്‍ന്നെത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും പിന്നോട്ട്. ചരിത്രത്തിലാദ്യമായി താനൂര്‍ കൈവിടുകയും ചെയ്തു. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിത്തുടങ്ങിയത് ലീഗ് നേതൃത്വത്തെ അസ്വസ്ഥമാക്കി.

ഇ ടിയെ തുടര്‍ന്നും പൊന്നാനിയിലിറക്കി രക്ഷപ്പെടാനാവില്ലെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. മണ്ഡലം പിടിക്കാന്‍ സര്‍വസന്നാഹങ്ങളുമായി ഇടതുമുന്നണി മണ്ഡലത്തിലിറങ്ങിക്കഴിഞ്ഞു.

ഏഴ് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന മണ്ഡലത്തില്‍ തവനൂരും താനൂരും പൊന്നാനിയും ചെങ്കൊടിക്കുകീഴിലാണ്. തവനൂരില്‍ കെ ടി ജലീലിന്റെ ഭൂരിപക്ഷം 17,604.

പൊന്നാനി പി ശ്രീരാമകൃഷ്ണന് 15640 ഉം താനൂരില്‍ വി അബ്ദുറഹ്മാന് 4,918 വോട്ടിന്റെ ലീഡ്. തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍, പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല മണ്ഡലങ്ങളാണ് യു ഡി എഫിനൊപ്പം നിന്നത്.

ബനാത്ത് വാലയും സേട്ടുസാഹിബും ഇ അഹമ്മദുമെല്ലാം ജയിച്ചുകയറിയ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായാലുള്ള നാണക്കേട് മുസ്ലിം ലീഗിന് ചെറുതല്ല.

1962ല്‍ മണ്ഡലം രൂപീകരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ പൊന്നാനിയുടെ ചെന്താരകം ഇമ്പിച്ചിബാവ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി വിജയിച്ചിട്ടുണ്ട്. പൊന്നാനിയുടെ നിറംമാറിയാല്‍ അല്‍ഭുതപ്പെടാനില്ലെന്ന് ചുരുക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News