കേന്ദ്രവും പശ്ചിമ ബംഗാളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അപൂര്‍വ്വവും നാണകേടുമാകുന്ന ഭരണഘടന പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.

രാഷ്ട്രിയ നേട്ടങ്ങള്‍ക്ക് വേണ്ടി രണ്ട് രാഷ്ട്രിയ പാര്‍ടികള്‍ ഏറ്റുമുട്ടന്നതിനപ്പുറം കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പരസ്പരം കേസെടുക്കുന്നതും അപൂര്‍വ്വ സംഭവം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയുടെ നേതൃത്വമാണ് മമതയുടെ ലക്ഷ്യം. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ പോലും മമതയ്ക്ക് പിന്നില്‍ അണിനിരക്കേണ്ട അവസ്ഥയിലായി. മോദി-മമത നാടകമെന്ന് നിലപാടിലാണ് ഇടതുപക്ഷം.

2013ല്‍ മമതയ്ക്ക് നേരെ അഴിമതിയുടെ വിരല്‍ചൂണ്ടിയ കേസാണ് ശാരദ,റോസ് വാലി ചിട്ടിതട്ടിപ്പുകള്‍. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്ബിജെപി-ഇടത്പക്ഷം അടക്കമുള്ള പ്രതിപക്ഷ നിര ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതക്കെതിരെ ചിട്ടി തട്ടിപ്പ് പ്രചാരണ വിഷയമാക്കി. എന്നാല്‍ അഞ്ച് വര്‍ഷം വരെ കേസ് മൂടിവച്ച് ബിജെപി 2019ലെ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ നടപടികള്‍ ആരംഭിച്ചത് മമതയ്ക്ക് രാഷ്ട്രിയ നേട്ടമായി.

മമതക്കെതിരെ ചിട്ടിതട്ടിപ്പ് കേസ് ഉയര്‍ത്തിയ കോണ്‍ഗ്രസിന് പോലും ഇപ്പോള്‍ അവരെ പിന്തുണക്കേണ്ടി വന്നിരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചിട്ടിതട്ടിപ്പ് ഉന്നയിക്കാന്‍ പോലുമാകില്ല. സിബിഐക്കെതിരെ മമതക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് രാഹുലിന്റെ ഉറപ്പ്.

ബി.എസ്.പി,ആര്‍ജെഡി,ജെഡിയു തുടങ്ങി ബംഗാളില്‍ ഒന്നോരണ്ടോ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ടികള്‍ പോലും മമതയുടെ നിഴലിലായി. അഴിമതി ആരോപണത്തെ വഴി മാറ്റിയ മമത പ്രതിപക്ഷനിരയുടെ നേതൃസ്ഥാനമാണ് ലക്ഷ്യം വയ്ക്കുന്നത്. നിലിവല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന മുന്നണിയ്ക്ക് മുന്നില്‍ സ്വയം പ്രതിഷ്ടിക്കുന്ന മമത ഭീഷണിയാണന്ന് കോണ്‍ഗ്രസും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

പിന്തുണ പ്രഖ്യാപിച്ചെങ്കിലും മമതയുടെ സത്യാഗ്രഹ പന്തലില്‍ നിന്നും മാറി നില്‍ക്കുകയാണ് രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട പ്രതിപക്ഷം ബംഗാള്‍ വിഷയം മനപൂര്‍വ്വം മാറ്റി നിറുത്തി. നിലവില്‍ മമതയെ അംഗീകരിക്കാനോ തള്ളാനോ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷ നിര.

അതേ സമയം ബംഗാളിലെ നിത്യശത്രുവായ മമത ബാനര്‍ജിയുടെ നീക്കം സൂക്ഷ്മതയോടെയാണ് ഇടതുപക്ഷം നോക്കി കാണുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ മോദിയുടെ നീക്കവും മമത നടത്തുന്ന രാഷ്ട്രീയ നീക്കവും ഇരുവരും തമ്മിലുള്ള നാടകമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടികാട്ടുന്നു.

കേന്ദ്രവും പശ്ചിമ ബംഗാളും ഏറ്റുമുട്ടുമ്പോള്‍ അത്യാന്തികമായി തകരുന്നത് ഭരണഘടന സ്ഥാപനങ്ങളാണ്. അന്വേഷണവും പരിശോധനവും നിയമത്തിന്റെ വഴിയ്ക്ക് വിടാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്കും കഴിയുന്നില്ല.

ബിജെപിക്കെതിരെ ഒരുമിക്കാന്‍ ഒരു വിഷയം തേടിയ പ്രതിപക്ഷത്തിന് മമത പിടിവള്ളിയായെങ്കിലും തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ക്ക് ഉണ്ട്.അഴിമതിക്കെതിരെ പോരാട്ടം മമതയെ ഒപ്പം കൂട്ടി കഴിയില്ല. ബിജെപിയാകട്ടെ സിബിഐയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നത് തുടരുന്നു.