തൃശൂര്‍ എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.20 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം അനുവദിച്ച് ഉത്തരവായി. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള നിലവിലെ ആശുപത്രിയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള നിരന്തര പരിശ്രമമാണ് നബാര്‍ഡ് ധനസഹായത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.

മൂന്ന് നിലകളോടു കൂടിയതും 1822.71 ച. മീറ്റര്‍ വിസ്തീര്‍ണമുള്ളതുമായ പുതിയ കെട്ടിടമാണ് ഇതിലൂടെ നിര്‍മ്മിക്കുക. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ്, ഫാര്‍മസി, ഓപ്പറേഷന് വിധേയമായ രോഗികളെ കിടത്തി പരിചരിക്കുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, തീവ്ര പരിചരണവിഭാഗം, പ്രതിരോധ കുത്തിവയ്പിനുള്ള മുറി, കിടത്തി ചികിത്സയ്ക്കുള്ള സ്ത്രീപുരുഷ വാര്‍ഡുകള്‍, ടോയ് ലറ്റ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ ആശുപത്രി സമുച്ചയത്തില്‍ ഒരുങ്ങുന്നത്.

കൂടാതെ ആശുപത്രി ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കുമുള്ള പ്രത്യേക ക്വാര്‍ട്ടേഴ്‌സുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ഈ ആശുപത്രി സമുച്ചയം പൂര്‍ത്തിയാകു ന്നതോടെ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സാസൗകര്യമാണ് ലഭ്യമാവുക.

പദ്ധതിയ്ക്കാവശ്യമായ സാങ്കേതികാനുമതിയും ടെണ്ടര്‍നടപടികളും വേഗത്തിലാക്കി നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.