മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി

മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി. സാഹോദര്യത്തിന്റെയും നന്മയുടെയും ലോക സമാധാനത്തിന്റെയും സന്ദേശവുമായാണ് പാപ്പ യുഎഇ പര്യടനം പൂര്‍ത്തിയാക്കിയത്.

സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന യുഎഇ , ലോകത്തിന് നല്‍കിയ വലിയ സന്ദേശമായിരുന്നു മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. രാജകീയ വരവേല്‍പ്പാണ് യുഎഇ ഭരണകൂടം മാര്‍പ്പാപ്പക്ക് നല്‍കിയത്. ഞായറാഴ്ച രാത്രിയാണ് മാര്‍പ്പാപ്പ യു എ ഇ യില്‍ എത്തിയത്.

പിന്നീടുള്ള രണ്ടു ദിവസങ്ങളിലും മാനവ സൌഹാര്‍ദ്ദത്തിന്റെയും നന്മയുടെയും പുതിയ പാഠങ്ങളാണ് പരസ്പരം പങ്കു വെക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം വിശ്വാസികള്‍ക്കായി നടത്തിയ കുര്‍ബ്ബാനയോടെയാണ് ചരിത്രപരമായ യുഎഇ പര്യടനം പൂര്‍ത്തിയായത്.

രാവിലെ അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ആയിരുന്നു വിശുദ്ദ കുര്‍ബാന. യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ ഒന്നായി ഇത് മാറുകയായിരുന്നു. കുര്‍ബ്ബാനയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കാത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.

120 പേരടങ്ങുന്ന ഗായക സംഘമാണ് പ്രാര്‍ഥനാഗീതം ആലപിച്ചത്. കുര്‍ബാനയ്ക്ക് മുന്‍പ് മാര്‍പാപ്പ സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. ഇവിടെ രോഗികളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേരെ ആശീര്‍വദിച്ചു. മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നുച്ചയോടെയാണ് മാര്‍പ്പാപ്പ റോമിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here