ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയെന്ന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു.നാട്ടാനകളില്‍ പ്രായം കുടിയ ആന എന്ന പദവിയും ദാക്ഷായണിക്ക് സ്വന്തമായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളില്‍ ഏറ്റവും പ്രായം കൂടി ആനയാണ് 88 വയസ്സുള്ള ദാക്ഷായണി.
ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്.

2016ല്‍ ആണ് ദാക്ഷായണിക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നുമാണ് ദേവസ്വം ബോര്‍ഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലില്‍നിന്ന് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്.

ആറ്റിങ്ങല്‍ തിരുവാറാട്ടുകാവ് ക്ഷേത്രത്തില്‍നിന്നുമാണ് ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ ദാക്ഷായണി എത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തിനുകീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തം. അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്.

2016 ജൂലൈ മാസത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് , ദാക്ഷായണിക്ക് ഗജരാജ പട്ടം ലഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ച് ദാക്ഷായണിയെ ആദരിച്ചിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം മന്ത്രി കെ.രാജുവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കൂടാതെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആനയുടെ ചിത്രത്തില്‍ പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു. പാപ്പനംകോട് സത്യന്‍ നഗറിലെ ആനക്കൊട്ടിലിലാണ് ഇന്ന് ആനചരിഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here