കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പിന് മുന്നേയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം: മുഖ്യമന്ത്രി

നരേന്ദ്ര മോഡി സർക്കാർ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പ‌് നൽകിയ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ‌് കേന്ദ്ര ബജറ്റെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ‘നവകേരള നിർമിതിയും കേരള ബജറ്റും’ സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

2014ലെ തെരഞ്ഞെടുപ്പിൽ വാഗ‌്ദാനങ്ങൾ കുത്തിനിറച്ച പ്രകടനപത്രികയുമായി ബിജെപി ജനങ്ങളെ പറ്റിച്ചു. വാഗ്ദാനങ്ങളൊന്നും അവർ പാലിച്ചില്ല.

അഞ്ചു വർഷത്തിനുശേഷം വീണ്ടും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ‌്. പ്രകടനപത്രിക നടപ്പാക്കാനുള്ളതല്ലെന്നും തെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനങ്ങൾ മാത്രമാണെന്നുമാണ‌് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പറയുന്നത‌്.

ബിജെപി സർക്കാരിന്റെ പദ്ധതികൾക്കും വാഗ്ദാനങ്ങൾക്കുംപിന്നിലെ മനഃശാസ‌്ത്രം ഇതാണ‌്. കള്ളപ്പണം പിടികൂടി ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന വാഗ്ദാനംമാത്രം മതി ഇവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ.

തൊഴിലാളികൾക്കും മധ്യവർഗത്തിനും ചിലസഹായങ്ങൾ നൽകും എന്ന പ്രതീതി ഉണർത്തുന്നതാണ‌് കേന്ദ്ര ബജറ്റ‌്. യഥാർഥത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന, സമസ്ത മേഖലകളെയും തകർക്കുന്നതാണ‌് ബജറ്റ‌്. കർഷകർക്കുവേണ്ടി പ്രഖ്യാപിച്ച പദ്ധതിതന്നെ ഇതിനുള്ള ഉദാഹരണം.

കർഷകർക്ക‌് പ്രതിവർഷം ആറായിരം രൂപ പെൻഷൻ നൽകുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട‌്. എന്നാൽ, ഇതിലധികം പണം കേരളം ഇപ്പോൾത്തന്നെ നൽകുന്നുണ്ട‌്.

ഇന്ത്യയിലെ യുവാക്കൾ തൊഴിലന്വേഷകരല്ലെന്നും തൊഴിൽ ദായകരാണെന്നുമാണ‌് ബജറ്റ‌് പറയുന്നത‌്. എന്നാൽ, നാൽപ്പതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ‌് രാജ്യത്ത‌് അനുഭവപ്പെടുന്നത‌്. രണ്ടുകോടി തൊഴിൽദിനങ്ങൾ വാഗ്ദാനംചെയ്ത‌് അധികാരത്തിലേറിയ സർക്കാരാണിതെന്നോർക്കണം.

നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞു. എന്നിട്ടും കള്ളപ്പണം ഇല്ലാതാക്കാൻ നടപ്പാക്കിയ നോട്ട‌്നിരോധനം വിജയമാണെന്നാണ‌് ബജറ്റ‌് പറയുന്നത‌്.

വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ഒരുനടപടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തെ പൂർണമായി അവഗണിച്ച ബജറ്റാണിത‌്.

കേരളത്തിന‌് പ്രളയക്കെടുതി പാക്കേജ‌് അനുവദിച്ചിട്ടില്ല. പ്രകൃതിദുരന്ത സംസ്ഥാനമായി പ്രഖ്യാപിക്കാത്തതിനാൽ കർഷകർക്ക‌് കേന്ദ്രത്തിന്റെ പലിശയിളവ‌് ലഭിക്കില്ല. ഇക്കുറിയും എയിംസ‌് അനുവദിച്ചില്ല. കഞ്ചിക്കോട‌് റെയിൽ ഫാക്ടറിക്ക‌് വകയിരുത്തിയത‌് വെറും പതിനായിരം രൂപ മാത്രം.

അതേസമയം പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതാണ‌് കേരള ബജറ്റ‌്. എൽഡിഎഫിന്റെ പ്രകടനപത്രിക പ്രചാരണത്തിനുവേണ്ടി മാത്രമുള്ളതല്ല. നടപ്പാക്കാനുള്ളതാണ‌്.

ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്ന പദ്ധതികൾ പ്രകടന പത്രികയിൽ ഉൾപ്പെട്ടവയാണ‌്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഈ സർക്കാരിന്റെ വികസന നയം പ്രഖ്യാപിക്കുന്നതാണ‌്. പ്രകടനപത്രിക, നയ പ്രഖ്യാപന പ്രസംഗം എന്നിവയെ ചേർത്തുവച്ചുവേണം നമ്മുടെ ബജറ്റിനെ വായിക്കാൻ.

കേരള ബജറ്റ‌് വിലക്കയറ്റത്തിന‌് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ‌്. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ട‌്.

1755 കോടി രൂപ വിപണിയിലിടപെടാൻ വകയിരുത്തിയത‌് ഇതിനായാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News